Wednesday, November 18, 2020

കൃഷ്ണാ നീ ബേഗനേ

സംസ്കൃതം, തെലുങ്ക്, തമിഴ്, ഗുജറാത്തി, മലയാളം ഭാഷകളിലുള്ള 30 ഓളം കീർത്തനങ്ങൾക്ക് ഇവിറ്റെ വ്യാഖ്യാനം എഴുതിയിട്ടുണ്ട്, കന്നഡ ആദ്യമായാണ്. ഏകദേശം എ.ഡി 1500 നോടടുത്ത് വിജയനഗരസാമ്രാജ്യത്തിലെ പ്രശസ്തനായ മഹാരാജാവ് കൃഷ്ണദേവരായരുടെ കുലഗുരുവായ വ്യാസരായർ (ശ്രീ. വ്യാസരാജ തീർത്ഥ) രചിച്ചതാണ് യമുനാകല്യാണി രാഗത്തിൽ മിശ്രചാപതാളത്തിൽ ഈ കീർത്തനം.
പല്ലവി
======

"കൃഷ്ണാ നീ ബേഗനേ ബാരോ"
(ശ്രീകൃഷ്ണാ നീ ഒന്നു വേഗം വന്നാലും)

അനുപല്ലവി
===========

"ബേഗനേ ബാരോ 
മുഖവന്ന തോരോ"

(വേഗം ഇവിടെ വന്നിട്ട് ആ മുഖദർശ്ശനം എനിക്ക് തന്നാലും ദേവാ.. )

ചരണം 1
========

കാലലന്ദിഗീ ഗജ്ജെ നീലദ ബാവുലി
നീലവർണനെ നാട്യമാടുത ബാരോ

(കാലുകൾ മനോഹരമായ പാദസരങ്ങളാൽ അലങ്കരിച്ച്, കൈത്തണ്ടയിൽ ഇന്ദ്രനീലരത്നത്താലുള്ള കൈവളയണിഞ്ഞ്, നീലക്കാർവർണ്ണാ നൃത്തമാടി എന്നരികിലേയ്ക്ക് വന്നാലും..)

ചരണം 2
========

"ഉടിയല്ലി ഉടുഗജ്ജെ,ബെരളല്ലി ഉങ്ങുര
കോരളോളൂ ഹാകിദ വൈജയന്തിമാലേ"

(അരക്കെട്ടിൽ കിങ്ങിണികെട്ടിയ അരഞ്ഞാണവും, വിരലുകളിൽ മോതിരങ്ങളും, കഴുത്തിൽ ദിവ്യമായ വൈജയന്തിഹാരവും അണിഞ്ഞുകൊണ്ട് എന്നരികിലേയ്ക്ക് വന്നാലും..)

ചരണം 3
========

"കാശീ പീതാംബര കൈയ്യല്ലി കൊളലു
പൂശീത ശ്രീഗന്ധ മെയ്യോളൂ ഗമഗമ"

(കാശിയിൽ നിന്നുള്ള മഞ്ഞപ്പട്ടുടുത്തവനായി, കൈകളിൽ നിൻ്റെ മധുരമുരളിയുമേന്തി, മേനിയിൽ പൂശിയ ചന്ദനതൈലത്തിൻ്റെ അതിസുഗന്ധത്തോടെ എന്നരികിലേയ്ക്ക് വന്നാലും..)

ചരണം 4
========

"തായികേ ബായല്ലീ മുജ്ജഗവന്ന തോരോ
ജഗദോദ്ധാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ"

(മാതാവായ യശോദയ്ക്ക് നിൻ്റെ വായ തുറന്നു മൂന്നു ലോകവും കാട്ടിക്കൊടുത്ത, പ്രപഞ്ചത്തിൻ്റെ സംരക്ഷകനായ നമ്മുടെ ഉടുപ്പിയിൽ വാഴും ശ്രീകൃഷ്ണാ എന്നരികിലേയ്ക്ക് വന്നാലും..)

ശ്രീ. കെ. ജെ. യേശുദാസിന്റെ ആലാപനം

Sunday, November 15, 2020

ബ്രോചേവാ രഘുവരാ...

മൈസൂർ വാസുദേവാചാര്യ ഘമാസ്സ് (ഹരികാംബോജിജന്യം) രാഗത്തിൽ ചിട്ടപ്പെടുത്തിയ ആദിതാളത്തിലുള്ള തെലുങ്ക് കീർത്തനമാണ് ബ്രോചേവാ... നമ്മളെ വിട്ടുപോയ എസ്സ്. പി. ബാലസുബ്രഹ്മണ്യത്തിൻ്റെ സ്മരണയിൽ ഈ കീർത്തനം അർപ്പിക്കുന്നു.

പല്ലവി
=====

"ബ്രോചേവാ.. രെവരുരാ..
നിനുവിന രഘുവരാ നനു
നീ ചരണാംബുജമുലു നേ
വിഡജാല കരുണാലവാല"

ബ്രോചേവാ - ആരാണു
രെവരുരാ - രക്ഷിക്കുക
നിനുവിന - അങ്ങല്ലാതെ
രഘുവരാ - ശ്രീരാമാ
നനു - എന്നെ

ഭഗവാനേ.. ശ്രീരാമചന്ദ്രാ... അങ്ങല്ലാതെ ആരാണെനിക്കു രക്ഷയ്ക്കുള്ളത്?

നീ - അങ്ങയുടെ
ചരണാംബുജമുലു - പാദപദ്മങ്ങൾ
നേ - കഴിയുകയില്ല
വിഡജാല - വിട്ടുപോവുക
കരുണാലവാല - കരുണാനിധേ

കരുണാനിധേ അങ്ങയുടെ പാദപദ്മങ്ങൾ ഉപേക്ഷിച്ച് പോവുക എനിക്കസദ്ധ്യമാണ്.

അനുപല്ലവി
=========
"ഓ ചതുരാനനാദി വന്ദിത
നീകു പരാകേല നയ്യ
നീ ചരിതമു പോഗഡലേനി നാ
ചിന്ത തീർച്ചി വരമുലിച്ചി വേഗമേ"

ഓ -അല്ലയോ
ചതുരാനനാദി - ചതുർമ്മുഖൻ, ബ്രഹ്മാവ് ആദി ദേവതകൾ
വന്ദിത - വന്ദിക്കുന്ന
നീകു - താങ്കൾ
പരാകു - ഒറ്റപ്പെട്ടു നിൽക്കുക, ഒഴിഞ്ഞുമാറുക
ഏലനു - എന്താണ്
അയ്യ - മഹാത്മാവേ

ബ്രഹ്മാദി ദേവഗണങ്ങളാൽ ആരാധിക്കപ്പെടുന്ന അവിടുന്ന് ഇങ്ങനെ ഒഴിഞ്ഞുമാറുനതെന്തുകൊണ്ടാണ്? കേവലം സാധാരണമനുഷ്യനായ എൻ്റെ ആരാധന അതിനിടയിൽ അവിടുന്ന് അറിയുന്നില്ല എന്നുണ്ടോ? അങ്ങനെയെങ്കിൽ ഇനി ഞാൻ എന്താണു ചെയ്യേണ്ടത്?

നീ - അങ്ങയുടെ
ചരിതമു - മഹത്വങ്ങൾ
പോഗഡലേനി - പാടിപ്പുകഴ്ത്തുവാനുള്ള കഴിവില്ലായ്മ
നാ - എൻ്റെ
ചിന്ത - ഉത്ക്കണ്ഠ
തീർച്ചി - അവസാനിപ്പിച്ചു
വരമുലിച്ചി - അനുഗ്രഹിച്ചാലും
വേഗമേ - ക്ഷിപ്രം, ഉടനേതന്നെ

അങ്ങയുടെ മഹത്തായ അപദാനങ്ങൾ പാടിസ്തുതിക്കുവാനുള്ള കഴിവോ അറിവോ എനിക്കില്ല, അത്രയ്ക്ക് പാമരനാണു ഞാൻ, എങ്കിലും കരുണാവാനായ അവിടുന്ന് എൻ്റെ സങ്കടങ്ങളകറ്റി, അനുഗ്രഹം ചൊരിഞ്ഞു രക്ഷിക്കുവാൻ താമസമരുതേ...

ചരണം
=====

"സീതാപതേ നാപൈ നീകഭിമാനമു ലേദാ
വാതാത്മജാർച്ചിത പാദ നാ മൊരലനു വിനരാദാ
ഭാസുരമുഗ കരിരാജുനു ബ്രോചിന
വാസുദേവുഡവു നീവു കദാ
നാ പാതകമെല്ലാ പോഗോട്ടി ഗട്ടിഗ
നാ ചേയി പട്ടി വിഡുവക"

സീതാപതേ - സീതാപതിയായ ദേവാ
നാപൈ - എന്നോട്, ഈ വിഷയത്തിൽ
നീക്കു - താങ്കൾക്ക്
അഭിമാനമു - വാത്സല്യം
ലേദാ - ഇല്ലേ
വാതാത്മജ - ഹനുമാൻ
അർച്ചിത പാദ - പൂജിക്കുന്ന പാദങ്ങൾ
നാ - എൻ്റെ
മൊരലനു - വിലാപങ്ങൾ
വിനരാദാ - കേൾക്കുകയില്ലേ

അല്ലയോ സീതാവല്ലഭനായ ശ്രീരാമദേവാ, വായുപുത്രൻ ഹനുമാനാൽ പൂജിക്കപ്പെടുന്ന അങ്ങയുടെ പാദങ്ങളിൽ വീണു ഞാൻ വിലപിക്കുന്നത് അങ്ങറിയുന്നില്ലേ? അങ്ങയുടെ ചരണങ്ങളിലെ എൻ്റെ ദുഃഖവിലാപം അങ്ങ് കേൾക്കുന്നില്ലേ?

ഭാസുരമുഗ - സ്ഫടികം പോലെ തിളക്കമുള്ള മുഖം
കരിരാജുനു - ആനകളിൽ രാജാവായവൻ (ഗജേന്ദ്രമോക്ഷം)
ബ്രോചിന - രക്ഷിച്ച
വാസുദേവുഡവു - ആ മഹവിഷ്ണു
നീവു കദാ - അങ്ങുതന്നെയല്ലേ
നാ - എൻ്റെ
പാതകമെല്ലാ - പാപങ്ങളെല്ലാം
പോഗോട്ടി - അകറ്റി
ഗട്ടിഗ - മുറുക്കി, ബലമായി
നാ - എൻ്റെ
ചേയി - കൈകൾ
പട്ടി - പിടിച്ചു
വിഡുവക - വിടാതിരിക്കുക, ഉപേക്ഷിക്കാതെ

ഗജേന്ദമോക്ഷത്തിൽ ആ ഗജവീരനെ രക്ഷിച്ച സാക്ഷാൽ മഹാവിഷ്ണുവായ അവിടുത്തേയ്ക്ക് ഇതൊക്കെ എത്രയോ നിസ്സാരമാണ്, ആയതിനാൽ എന്നെ ഉപേക്ഷിക്കാതെ, കൈകൾ ബലമായി പിടിച്ച് വിടാതെ അങ്ങയോട് ചേർത്തുനിർത്തി, എൻ്റെ പാപങ്ങളെല്ലാം പരിഹരിച്ചു തരേണമേ..

Wednesday, June 24, 2020

സാമജവരഗമനാ

സാമജവരഗമന
==============

കുറച്ചുനാളുകളായി കീർത്തനങ്ങളെപറ്റി എന്തെങ്കിലും എഴുതിയിട്ട്, ആ ഒരു ധാരതന്നെ മുറിഞ്ഞുപോയതുപോലെ; എന്നാൽപ്പിന്നെ ഒരു കീർത്തനമാകട്ടെയിന്നത്തെ വിഷയം.

ത്യാഗരാജസ്വാമികൾ എഴുതിയ "സാമജവരഗമന" കച്ചേരികളിൽ സുപരിചിതമെങ്കിലും ശങ്കരാഭരണം സിനിമയിലെ പെണ്ണുകാണൽ ചടങ്ങിൽ പാടുന്ന രംഗത്തോടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ക്ലാസ്സിക്ക് പ്രണയമായതിനാൽ പർസ്പര പ്രണയത്തിലായ വരനും വധുവും അവരറിയാതെ  പെണ്ണുകാണൽ ചടങ്ങിലെത്തി, അത്ഭുതസ്തബ്ധരാകുന്നതിനു പിന്നാലേ വരുന്ന ഈ ഗാനം പാടുന്ന വധു രാഗം തെറ്റിച്ച്, ശുദ്ധ ഇന്ദോളത്തിൽ വിഷമം പാടി, വഴക്കു കേട്ടുഎന്നുമാത്രമല്ല, സഹായത്തിനെത്തിയ കാമുകനായ വരൻ രാഗം തെറ്റിച്ച് പടിക്കുപുറത്തുമാകുന്നതിൽ കീർത്തനം അവസാനിക്കുന്നു.

സിനിമയിലെ ഗാനത്തിൽ പലവാക്കുകളും മുറിച്ചാണുച്ചരിക്കുന്നത് എന്നു കാണാം, ഉദാഹരണത്തിനു ചരണത്തിൽ "സാമ നിഗമജ സുധാ മയ" എന്നത് "സാമനി ഗമജസുധാമയ" എന്നു പാടിയിരിക്കുന്നു, രാഗവും, താനവും ഭാവവും വന്നപ്പോൾ വന്നപ്പോൾ അർത്ഥം വേറൊരുവഴിക്കുപോയി, എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.

പല്ലവി
=====

"സാമജ വര ഗമന സാധു ഹൃത്
സാരസഽഅബ്ജ പാല കാലഽഅതീത വിഖ്യാത"

സാമജം - ആന
വര - നായകൻ, ശ്രേഷ്ഠൻ
ഗമനം - സഞ്ചാരം
സാധു - ഭക്തർ
ഹൃത്ത് - ഹൃദയം
സാരസബ്ജം - താമര

തലയെടുപ്പുള്ള കൊമ്പനെപ്പോലെ ഗംഭീരമായ ചലനഗതിയുള്ളവനേ..
ഭക്തരുടെ ഹൃദയങ്ങളായ താമരപ്പൂക്കളെ സൂര്യതേജസ്സോടെ ഉണർത്തുന്നവനേ..
കാലങ്ങൾക്ക് അതീതനായവനേ.. വിഷ്ണുദേവാ.. ശ്രീകൃഷ്ണാ...

അനുപല്ലവി
==========

"സാമ നിഗമജ സുധാ മയ ഗാന വിചക്ഷണ
ഗുണ ശീല ദയാ~ആലവാല മാം പാലയ"

സമ - സാമവേദം
നിഗമം - പുറപ്പെടൽ
ജ - ജനനം
സുധാമയം - അമൃതഭരം
ഗാനവിചക്ഷണ - ഗാനപ്രവീണൻ
മാം - എന്നെ
പാലയ - കാത്തുരക്ഷിക്കുക

സാമവേദത്തിൽ നിന്നും ബഹിർഭൂവായി ജന്മം കൊണ്ടവനേ..
അമൃതതുല്യമായി ഗാനങ്ങൾ ആലപിക്കുന്നവരിൽ അഗ്രഗണ്യനേ..
ഭക്തരിൽ ദയചൊരിയുകയെന്ന ഗുണം ശീലമായാർജ്ജിച്ചവനേ..
അടിയനെ കാത്തുരക്ഷിച്ചാലും.. 

ചരണം
======

"വേദ ശിരോ മാതൃജ സപ്ത സ്വര
നാദ അചല ദീപ സ്വീകൃത
യാദവ കുല മുരളീ വാദന വിനോദ
മോഹന കര ത്യാഗരാജ വന്ദനീയ"

വേദ - വേദങ്ങളുടെ
ശിരോ - ഉന്നതിയിൽ
മാതൃജ - മാതാവിൽ നിന്നും ജനിച്ച

അല്ലയോ കൃഷ്ണാ.. ആരേയും വശീകരിക്കുന്ന,  മാറ്റമില്ലാത്ത ദിവ്യജ്യോതിയായി, സൂക്ഷ്മവും ഉച്ചസ്ഥായിയുമായി വേദസാരസ്വമായ ഓംകാരപ്പൊരുളിനെ സപ്തസ്വരങ്ങളിൽ ആലപിക്കുവാൻ കഴിയുന്നവനേ..
യാദവകുലത്തിൽ പിറന്ന, ഗോപകന്യകമാർക്ക് കൗതുകമായി പുല്ലാങ്കുഴൽ വായിച്ച് സകലരിലും ആനന്ദം നിറച്ച മനോഹരങ്ങളായ കരങ്ങൾക്കുടമയായവനേ..

ത്യാഗരാജൻ നിന്നെ സ്തുതിക്കുന്നു.

ശങ്കരാഭരണത്തിലെ ഗാനം കാണാം..

Friday, March 30, 2018

ഗരുഢ ഗമന തവ

പല്ലവി
======

ഗരുഢ ഗമന തവ ചരണ കമല മിഹ
മനസി ലസതു മമ നിത്യം
മനസി ലസതു മമ നിത്യം

ഗരുഢവാഹനനായി സഞ്ചരിയ്ക്കുന്ന ഭഗവാനേ അങ്ങയുടെ പാദാരവിന്ദങ്ങൾ അടിയൻ്റെ മനസ്സിൽ നിത്യവും തിളങ്ങി നിൽക്കേണമേ...

അനുപല്ലവി
===========

മമ താപമപാ കുരു ദേവാ
മമ പാപമപാ കുരു ദേവാ

എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും അകറ്റിത്തരേണമേ ദേവന്മാരിലെ ശ്രേഷ്ഠാ....
എൻ്റെ എല്ലാ പാപങ്ങളും ഇല്ലാതാക്കണമേ ദേവന്മാരിലെ ശ്രേഷ്ഠാ....
ചരണം 1
========

ജലജനയന വിധി നമുചി ഹരണ മുഖ
വിഭുധ വിനുത പദ പദ്മാ
വിഭുധ വിനുത പദ പദ്മാ

അല്ലയോ പങ്കജാക്ഷാ, ബ്രഹ്മാവും, നമുചിയെ വധിച്ചവനായ ദേവേന്ദ്രനും തുടങ്ങി അറിവിൻ്റെ കേദാരമായ എല്ലാവരും ആരാധിയ്ക്കുന്ന നളിനതുല്യമായ പദങ്ങളോട് കൂടിയവനേ...

(എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും........)

ചരണം 2
========

ഭുജഗ ശയന ഭവ മദന ജനക മമ
ജനന മരണ ഭയ ഹാരീ
ജനന മരണ ഭയ ഹാരീ

അല്ലയോ അനന്തശയനാ, കാമദേവൻ്റെ പിതാവായി ഭവിച്ചവനേ, ജീവിത മരണ ഭയങ്ങളെ നശിപ്പിയ്ക്കുന്നവനേ...

(എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും........)

ചരണം 3
========

ശംഖ ചക്ര ധര ദുഷ്ട ദൈത്യ ഹര
സർവ്വലോക ശരണാ
സർവ്വലോക ശരണാ

തൃക്കൈകളിൽ ശംഖും ചക്രായുധവും ധരിച്ച ദേവാ, ദുഷ്ടന്മാരായ അസുരന്മാരേ വധിച്ചവനേ, പ്രപഞ്ചത്തിൻ്റെ അഭയസ്ഥാനമേ.....

(എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും........)

ചരണം 4
========

അഗണിത ഗുണ ഗണ അശരണ ശരണദ
വിധലിത സുര രിപു ജാലാ
വിധലിത സുര രിപു ജാലാ

എണ്ണമറ്റ ഗുണഗണങ്ങൾക്ക് ഉടമയായ ദേവാ, അശരണർക്ക് അഭയം നൽകുന്നവനേ, ദേവന്മാരുടെ എതിരാളികളായ അസുരഗണങ്ങളെ നശിപ്പിച്ചവനേ....

(എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും........)

ചരണം 5
========

ഭക്ത വര്യ മിഹ ഭൂരി കരുണയാ
പാഹി ഭാരതിതീർത്ഥം
പാഹി ഭാരതിതീർത്ഥം

പരമഭക്തന്മാർരെ  ഇഹലോകജീവിതത്തിൽ പരമകാരുണ്യത്തോടെ സംരക്ഷിയ്ക്കുന്ന അവിടുന്ന്, അടിയൻ ഭാരതീ തീർത്ഥയേയും കാത്ത് രക്ഷിയ്ക്കേണമേ.....

(എൻ്റെ എല്ലാ ദുരിതദുഃഖങ്ങളും........)

Monday, March 26, 2018

കാപാലി ...

പല്ലവി
=======

"കാപാലി...
കരുണൈ നിലവു പൊഴി വദനമദിയനൊരു
കാപാലീ..."


പാപനാശം ശിവൻ തന്റെ ഇഷ്ടദൈവമായ മൈലാപ്പൂരിൽ കാപാലിയായി വാഴും പരമശിവനെ സ്തുതിയ്ക്കുന്നു.. കാപാലീ.. കോപിഷ്ടനായി ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയെടുത്ത ഉഗ്രമൂർത്തിയെങ്കിലും, കരുണയുടെ നിലാവ് പൊഴിയ്ക്കുന്ന സുന്ദരവദനനായ അങ്ങയെയാണ് അടിയന്  ദൃശ്യമാകുന്നത്, അല്ലയോ കാപാലീ..


(രസകരമായ ഈ കഥയിൽ ആദിയിൽ  പ്രളയജലത്തിൽ ശിശുവായി ഒഴുകി വന്ന്,  പ്രണവം ശ്രവിച്ച് സ്വയം തിരിച്ചറിഞ്ഞ വിഷ്ണുവും, നാഭീനളിനത്തിൽ പിറന്ന ബ്രഹ്മാവും, ബ്രഹ്മാവിന്റെ ഭൂമണ്ഡലത്തെ നേടുകെ പിളർന്ന് അന്തമില്ലാതെ അവതരിച്ച ലിംഗവും ഒത്തുകൂടിയ നേരം. ബ്രഹ്മാവും, വിഷ്ണുവും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശ്രമിയ്ക്കുകയും, താഴേയ്ക്ക് പോയ വിഷ്ണുദേവൻ മടങ്ങി വന്ന് പരാജയം സമ്മതിയ്ക്കുകയും, മുകളിലോട്ട് തിരച്ചിൽ നടത്തിയ ബ്രഹ്മാവ് പരാജയപ്പെട്ടെങ്കിലും, കാറ്റിൽ പറന്നുവന്ന ഒരു കൈതപ്പൂവിനെ കൊണ്ട് അത് അദ്ദേഹം ശിവലിംഗത്തിന്റെ അഗ്രത്തു നിന്നും എടുത്തതാണെന്ന് കള്ളസാക്ഷി പറയിക്കുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെട്ട മഹാദേവൻ ബ്രഹ്മാവിന്റെ അസത്യം പറഞ്ഞ ശിരസ്സ് നുള്ളിമാറ്റി, നാന്മുഖന് മൂന്നു മുഖം മാത്രമാക്കി. സങ്കടം വന്ന ബ്രഹ്മാവ് പരമശിവനെ ആ തലയോട്ടി കയ്യിൽ വച്ച് ഭിക്ഷാടനം നടത്തുവാൻ ശപിച്ചു, ദേവദേവൻ പൊടുന്നനെ ഭിക്ഷാദേഹിയായി മാറിയതിൽ കുപിതനായി അദ്ദേഹം മുന്നിൽ കണ്ട എല്ലാവരേയും മർദ്ദിച്ചു എന്നും ബ്രഹ്മാവും, വിഷ്ണുവും ജീവനും കൊണ്ടോടി എന്നുമാണ് കഥ, ഏതായാലും ആ കപോലം അദ്ദേഹത്തെ കാപാലി ആക്കി)

അനുപല്ലവി
============

"ആപാല ഗോപാലം ആഴിസൂഴ്ത്തലത്തവരും
ഭൂപാലരും അഷ്ടദിക്ക്പാലരും പോട്രും അത്ഭുത
കാപാലീ..."

സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂമിയിൽ വസിയ്ക്കുന്ന ബാലന്മാരും, ഇടയന്മാരുമുൾപ്പടെ സർവ്വരും, അവരെ ഭരിയ്ക്കുന്ന രാജാക്കന്മാരും, അഷ്ടദിക്ക് പാലകന്മാരും, സ്തുതിയ്ക്കുന്ന അത്ഭുതപ്രഭാവനായ കാപാലീ...
ചരണം
=======

"മതിപ്പുനൽ അറവു കൊണ്ട്രൈ തുമ്പൈ അറുഗും
മത്തൈപുനൈ മാസടൈയ്യാൻ
വിധി തലൈമാലൈ മാർബൻ ഉറിത്ത കരിയിൻ
വെമ്പുലിയിൻ തോലുഡൈയ്യാൻ
അധിര മുഴൻഗും ഉടുക്കയും തിരിശൂലമും
അങ്കിയും കുറംഗമും ഇലൻഗിഡു കൈയ്യാൻ
തൈയുതിമിഗു തിരുമേനി മുഴുതും സാംബൽ
തുലംഗ എതിർ മംഗയ്യാർ മനം കവർ ജഗന്മോഹനാ
കാപാലീ..."


ചന്ദ്രക്കലയാലും (മതി) ഗംഗാനദിയാലും (പുനൽ) സർപ്പത്താലും (അറവം) എരുക്കിൻ പൂവിനാലും, കറുകപ്പുല്ലിലാലും അലങ്കരിച്ച ജടയോട് കൂടിയവനേ...

മാറിടത്തിൽ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തലയുൾപ്പടെയുള്ള ശിരസ്സുകൾ മാല ആയി അണിഞ്ഞവനേ... 

ആനയുടെയും, കടുവയുടേയും തോൽ ഉരിഞ്ഞെടുത്ത് വസ്ത്രമായി ധരിച്ചവനേ...

ദിവ്യജ്യോതിയായി തിളങ്ങുന്ന കൈകളാൽ, വളരെ ഉച്ചത്തിൽ മുഴങ്ങുന്ന ഉടുക്കയും, തൃശൂലവും, യാഗാഗ്നിയും, മാൻ കുട്ടിയേയും  ഒരു പോലെ പരിപാലിയ്ക്കുന്നവനേ...

അങ്ങയുടെ ദിവ്യപ്രഭപരത്തുന്ന പ്രകാശവലയത്തിനാൽ ശരീരമാകെ  പൂശിയിരിയ്ക്കുന്ന സ്മശാനഭസ്മം പോലും തിളങ്ങുന്നതായി കാണപ്പെടുന്നു.

നിന്റെ പരിസരത്തെത്തുന്ന സ്ത്രീകളുടെ മനസ്സുകൾ ഒന്നാകെ അപഹരിയ്ക്കുവാൻ തക്കവണ്ണം മാരകോടിസുന്ദരപ്രഭുവായ വിശ്വമോഹനരൂപാ....

കാപാലീ...

കെ.ജെ. യേശുദാസ്സ്

Friday, March 9, 2018

ശ്രീഗണനാഥൻ സിന്ദൂരവർണ്ണൻ

പല്ലവി
======

"ശ്രീ ഗണനാഥ സിന്ദൂരവർണ്ണ
കരുണസാഗര കരിവദന
ലംബോദര ലക്ഷ്മീകര
അംബാസുത അമരവിനുത"

ഭൂതഗണങ്ങളുടെ നാഥനായ ഗണേശാ.. സിന്ദൂര വർണ്ണമാർന്നവനേ... കരുണയുടെ സമുദ്രമേ.... ഗജമുഖമുള്ളവനേ.. ബ്രഹത്തായ ഉദരമുള്ളവനേ..ഐശ്വര്യങ്ങളുടെ ദാതാവേ... പാർവ്വതീ നന്ദനാ... ദേവഗണങ്ങളാൽ പൂജിയ്ക്കപ്പെടുന്നവനേ...
ചരണം 1
========

"സിദ്ധചാരണ ഗണ സേവിത
സിദ്ധിവിനായക തേ നമോ നമോ"

ആത്മശക്തിവാഹകരായ സിദ്ധന്മാരും, ദിവ്യനർത്തകരും കൂട്ടമായി ചേർന്ന് ആരാധിയ്ക്കുന്ന തുമ്പിക്കൈയ്യാൽ വലത് ഭാഗത്ത് നിൽക്കുന്ന സിദ്ധിയെ ആശ്ളേഷിയ്കുന്ന ഗണപതിയേ നിന്നെ വീണ്ടും വീണ്ടും നമിയ്ക്കുന്നു.

ചരണം 2
========

"സകലവിദ്യാദി പൂജിത 
സര്‍വ്വോത്തമ തേ നമോ നമ:" 

എല്ലാവിധ കലകളുടേയും വിദ്യകളുടേയും ആരംഭത്തിനു മുമ്പായി പൂജചെയ്യപ്പെടുന്ന .... സകലതിലും ഉത്തമനായ നിന്നെ വീണ്ടും വീണ്ടും നമിയ്ക്കുന്നു.

ആലാപനം : എസ്സ്. ജാനകി
https://www.youtube.com/watch?v=xEQdpdpRXxY

സാരസാക്ഷ പരിപാലയ (Sarasaksha paripalaya)

പല്ലവി
======

"സാരസാക്ഷ പരിപാലയ മാമയി
സന്തതം കരുണയാ ജഗദീശാ"

ജഗദീശ്വരാ, ചെന്താമരക്കണ്ണാനായ ഭഗവാനേ, എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

അനുപല്ലവി
===========

"നീരജാസ്ത്ര ജനകാധിക മേചക
നീരദാഭ കരിനായക ഭയഹര"

പുഷ്പശരമായുധമാക്കിയ കാമദേവന്റെ പിതാവായവനേ...  നീലമേഘശ്യാമളവർണ്ണാ.... ഗജേന്ദ്രന്റെ ഭയമാകെയകറ്റിയവനേ...എന്നെ രക്ഷിയ്ക്കുവാൻ കരുണ കാണിയ്ക്കേണമേ...

(താരകാസുരനെ വധിയ്ക്കുവാൻ സുബ്രഹ്മണ്യജനനം ആവശ്യമായ ദേവേന്ദ്രൻറ്റെ അഭ്യർത്ഥനപ്രകാരം, ശിവപരിണയത്തിനു പാർവ്വതിയെ സഹായിയ്ക്കാൻ എത്തിയ കാമദേവൻ പരമശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ വെണ്ണീറായ ശേഷം ശ്രീകൃഷ്ണന്റെ പുത്രനായി ദ്വാരകയിൽ പ്രദ്യുമ്നനായി ജനിച്ചകഥയാണാദ്യ പരാമർശ്ശം.

ഗജേന്ദ്രമോക്ഷത്തിൽ ത്രികൂടപർവ്വതത്തിൽ ആനകളുടെ തലവനായി ജീവിച്ചുവന്ന ഗജേന്ദ്രൻ എന്ന കൊമ്പനെ തടാകത്തിൽ വെള്ളം കുടിയ്ക്കവേ ഒരു മുതല കാലിൽ പിടി കൂടി, ആദ്യമൊക്കെ അവന്റെ ബന്ധുക്കളും, സുഹൃത്തുക്കളും രക്ഷിയ്ക്കുവാൻ ശ്രമിച്ചെങ്കിലും മുതല ശക്തനാണെന്ന് കണ്ട് അവനെ മരണത്തിനു വിട്ട് മടങ്ങിപ്പോയി. അവൻ തടാകത്തിൽ നിന്നൊരു താമരപ്പൂ തുമ്പിക്കൈയ്യിൽ ഉയർത്തി "ശുക്ളാമ്പരധരം വിഷ്ണും ശശിധരം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ" എന്ന് ചൊല്ലി വിഷ്ണുദേവനോട് രക്ഷ അപേക്ഷിച്ചു, ഗരുഢവാഹനനായി എത്തിയ ഭഗവാൻ ചക്രായുധത്താൽ മുതലയെ വധിച്ച് ഗജേന്ദ്രനെ രക്ഷിച്ചു അതാണ് അടുത്ത പരമർശ്ശം)
ചരണം 1
========

"പാദപാതി സമദേവനികായ ഹരേ
ശിശുസോമ മനോഹരാ
ഫാല വിലസിത മൃഗമദ തിലക
സൂദിതാരിഗണ തിരുപമ ബല ബല-
സോദരാംഗ പരിചർച്ചിത ചന്ദന"

ദേവന്മാരുടെ ആകാശപാരിജാതം പോലെ മനോഹരമായ പാദങ്ങളുള്ള വിഷ്ണുദേവാ... ചന്ദ്രക്കലപോലെ മനോഹരമായ തിരുനെറ്റിയിൽ കസ്തൂരിതിലകം അലങ്കാരമായവനേ... അസുരരാക്ഷസാദികളെ നശിപ്പിയ്ക്കുന്നതിൽ നീ ബലവാനും അദ്വിതീയനാണ് ബലരാമന്റെ സഹോദരാ... മേനിയാകെ ചന്ദനക്കുഴമ്പിനാൽ ലേപനം ചെയ്യപ്പെട്ടിരിയ്ക്കുന്നവനേ... എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

ചരണം 2
========

"ഭോഗിഭോഗ കലിതാത്മനിവാസ വിഭോ
വിഹഗേശ്വര വാഹന
പൂർണ്ണകാമകലിദോഷ വിനാശകര
യോഗിജാത ഹൃദയാംബുജ ഖേലന
സാഗരാധിക ഗംഭീര മുരാന്തക"

ഭഗവാനേ .. സർപ്പരാജാവായ ആാദിശേഷൻ വാസസ്ഥലം ആയവനേ...പക്ഷിരാജാവായ ഗരുഢൻ വാഹനമായവനേ...അവിടുന്ന് കാമകാമനകളായ ചിന്തകളുടെ വിനാശകനും, കലികാലദോഷങ്ങളുടെ അന്തകനുമായവനേ...ഋഷിമുനിമാരുടെ ഹൃദയപദ്മത്തിൽ വിളയാടുന്നവനേ... സമുദ്രത്തിലും വിശാലമായ അനന്തതയുടെ മൂർത്തേ.... മുരാസുരനെ വധിച്ചവനേ... എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

ചരണം 3
========

"ഭീമ സേവ്യതമ മംഗളലീല മുദ
കുരുമേ കുശലം ഭവ-
ഭീതിനാശനചണാത്ഭുത ഗുണനിലയ
ഭാമിനീ സമുദയാശയ മോഹന
പദ്മനാഭ കമലാധരണീവര"

മഹത് വ്യക്തികളായവരെയെല്ലാം പൂജിയ്ക്കപ്പെടുന്നവനേ.. ഇഹലോകഭീതി നശിപ്പിയ്ക്കുന്നവനേ... മംഗളലീലകളാടുന്ന ദേവാ...ദയവായി എന്നെ പരിപാലിച്ചാലും...  അത്ഭുതമാം വണ്ണം ഗുണഗണങ്ങൾക്കിടമായ ലക്ഷ്മീ വല്ലഭാ... അനേകായിരം സ്ത്രീകളെ മയക്കുവാനും സംതൃപ്തനാക്കുവാനും വിരുതേറിയ പദ്മനാഭാ ... ലക്ഷ്മീപതേ.... ഭൂമീപതേ.. എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ.. (മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുവായും, ദ്വാരകാധിപതിയായ കൃഷ്ണനായും ഒരേ സമയം വർണ്ണിയ്ക്കുന്നു)

അലാപനം : എം.എസ്സ്. സുബ്ബലക്ഷ്മി
https://www.youtube.com/watch?v=J44z7qv47oE