Friday, March 9, 2018

സാരസാക്ഷ പരിപാലയ (Sarasaksha paripalaya)

പല്ലവി
======

"സാരസാക്ഷ പരിപാലയ മാമയി
സന്തതം കരുണയാ ജഗദീശാ"

ജഗദീശ്വരാ, ചെന്താമരക്കണ്ണാനായ ഭഗവാനേ, എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

അനുപല്ലവി
===========

"നീരജാസ്ത്ര ജനകാധിക മേചക
നീരദാഭ കരിനായക ഭയഹര"

പുഷ്പശരമായുധമാക്കിയ കാമദേവന്റെ പിതാവായവനേ...  നീലമേഘശ്യാമളവർണ്ണാ.... ഗജേന്ദ്രന്റെ ഭയമാകെയകറ്റിയവനേ...എന്നെ രക്ഷിയ്ക്കുവാൻ കരുണ കാണിയ്ക്കേണമേ...

(താരകാസുരനെ വധിയ്ക്കുവാൻ സുബ്രഹ്മണ്യജനനം ആവശ്യമായ ദേവേന്ദ്രൻറ്റെ അഭ്യർത്ഥനപ്രകാരം, ശിവപരിണയത്തിനു പാർവ്വതിയെ സഹായിയ്ക്കാൻ എത്തിയ കാമദേവൻ പരമശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ വെണ്ണീറായ ശേഷം ശ്രീകൃഷ്ണന്റെ പുത്രനായി ദ്വാരകയിൽ പ്രദ്യുമ്നനായി ജനിച്ചകഥയാണാദ്യ പരാമർശ്ശം.

ഗജേന്ദ്രമോക്ഷത്തിൽ ത്രികൂടപർവ്വതത്തിൽ ആനകളുടെ തലവനായി ജീവിച്ചുവന്ന ഗജേന്ദ്രൻ എന്ന കൊമ്പനെ തടാകത്തിൽ വെള്ളം കുടിയ്ക്കവേ ഒരു മുതല കാലിൽ പിടി കൂടി, ആദ്യമൊക്കെ അവന്റെ ബന്ധുക്കളും, സുഹൃത്തുക്കളും രക്ഷിയ്ക്കുവാൻ ശ്രമിച്ചെങ്കിലും മുതല ശക്തനാണെന്ന് കണ്ട് അവനെ മരണത്തിനു വിട്ട് മടങ്ങിപ്പോയി. അവൻ തടാകത്തിൽ നിന്നൊരു താമരപ്പൂ തുമ്പിക്കൈയ്യിൽ ഉയർത്തി "ശുക്ളാമ്പരധരം വിഷ്ണും ശശിധരം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ" എന്ന് ചൊല്ലി വിഷ്ണുദേവനോട് രക്ഷ അപേക്ഷിച്ചു, ഗരുഢവാഹനനായി എത്തിയ ഭഗവാൻ ചക്രായുധത്താൽ മുതലയെ വധിച്ച് ഗജേന്ദ്രനെ രക്ഷിച്ചു അതാണ് അടുത്ത പരമർശ്ശം)
ചരണം 1
========

"പാദപാതി സമദേവനികായ ഹരേ
ശിശുസോമ മനോഹരാ
ഫാല വിലസിത മൃഗമദ തിലക
സൂദിതാരിഗണ തിരുപമ ബല ബല-
സോദരാംഗ പരിചർച്ചിത ചന്ദന"

ദേവന്മാരുടെ ആകാശപാരിജാതം പോലെ മനോഹരമായ പാദങ്ങളുള്ള വിഷ്ണുദേവാ... ചന്ദ്രക്കലപോലെ മനോഹരമായ തിരുനെറ്റിയിൽ കസ്തൂരിതിലകം അലങ്കാരമായവനേ... അസുരരാക്ഷസാദികളെ നശിപ്പിയ്ക്കുന്നതിൽ നീ ബലവാനും അദ്വിതീയനാണ് ബലരാമന്റെ സഹോദരാ... മേനിയാകെ ചന്ദനക്കുഴമ്പിനാൽ ലേപനം ചെയ്യപ്പെട്ടിരിയ്ക്കുന്നവനേ... എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

ചരണം 2
========

"ഭോഗിഭോഗ കലിതാത്മനിവാസ വിഭോ
വിഹഗേശ്വര വാഹന
പൂർണ്ണകാമകലിദോഷ വിനാശകര
യോഗിജാത ഹൃദയാംബുജ ഖേലന
സാഗരാധിക ഗംഭീര മുരാന്തക"

ഭഗവാനേ .. സർപ്പരാജാവായ ആാദിശേഷൻ വാസസ്ഥലം ആയവനേ...പക്ഷിരാജാവായ ഗരുഢൻ വാഹനമായവനേ...അവിടുന്ന് കാമകാമനകളായ ചിന്തകളുടെ വിനാശകനും, കലികാലദോഷങ്ങളുടെ അന്തകനുമായവനേ...ഋഷിമുനിമാരുടെ ഹൃദയപദ്മത്തിൽ വിളയാടുന്നവനേ... സമുദ്രത്തിലും വിശാലമായ അനന്തതയുടെ മൂർത്തേ.... മുരാസുരനെ വധിച്ചവനേ... എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ..

ചരണം 3
========

"ഭീമ സേവ്യതമ മംഗളലീല മുദ
കുരുമേ കുശലം ഭവ-
ഭീതിനാശനചണാത്ഭുത ഗുണനിലയ
ഭാമിനീ സമുദയാശയ മോഹന
പദ്മനാഭ കമലാധരണീവര"

മഹത് വ്യക്തികളായവരെയെല്ലാം പൂജിയ്ക്കപ്പെടുന്നവനേ.. ഇഹലോകഭീതി നശിപ്പിയ്ക്കുന്നവനേ... മംഗളലീലകളാടുന്ന ദേവാ...ദയവായി എന്നെ പരിപാലിച്ചാലും...  അത്ഭുതമാം വണ്ണം ഗുണഗണങ്ങൾക്കിടമായ ലക്ഷ്മീ വല്ലഭാ... അനേകായിരം സ്ത്രീകളെ മയക്കുവാനും സംതൃപ്തനാക്കുവാനും വിരുതേറിയ പദ്മനാഭാ ... ലക്ഷ്മീപതേ.... ഭൂമീപതേ.. എല്ലയ്പ്പോഴും കരുണയോടെ കാത്തുരക്ഷിയ്ക്കേണമേ.. (മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുവായും, ദ്വാരകാധിപതിയായ കൃഷ്ണനായും ഒരേ സമയം വർണ്ണിയ്ക്കുന്നു)

അലാപനം : എം.എസ്സ്. സുബ്ബലക്ഷ്മി
https://www.youtube.com/watch?v=J44z7qv47oE

No comments:

Post a Comment