Wednesday, February 3, 2016

സീതാകല്യാണ വൈഭോഗമേ (Seethakalyana Vaibhogame)

പല്ലവി 
======

സീതാകല്യാണ വൈഭോഗമേ
രാമകല്യാണ വൈഭോഗമേ

അനുപല്ലവി 
=========

പവനജസ്തുതിപാത്ര പാവന ചരിത്ര
രവിസോമവരനേത്ര രമണീയഗാത്ര

ചരണം 1 
=======

ഭക്ത ജന പരിപാല ഭരിത ശര ജാല 
ഭുക്തി മുക്തിദ ലീല ഭൂ-ദേവ പാല 

ചരണം 2 
=======

പാമര-അസുര ഭീമ പരിപൂർണ്ണ കാമ 
ശ്യാമ ജഗത്-അഭിരാമ സാകേത ധാമ 

ചരണം 3 
=======

സർവലോകാധാര സമരൈകവീര
ഗർവമാനസദൂര കനകാഗധീര

ചരണം 4 
=======

നിഗമാഗമവിഹാര നിരുപമശരീ‍ര
നഗധരാഗവിദാര നതലോകാധാര

ചരണം 5 
=======

പരമേശനുതഗീ‍ത ഭവജലധിപോധ
തരണികുലസംജാത ത്യാഗരാജനുത



വ്യാഖ്യാനം 
========

പല്ലവി 
======

സീതാകല്യാണ - സീതയുടെ പരിണയത്തിന്റെ 
വൈഭോഗമേ - ആഘോഷങ്ങൾ, പ്രൗഢഗംഭീരമായ ചടങ്ങുകൾ  
രാമകല്യാണ - ശ്രീരാമന്റെ  വിവാഹത്തിന്റെ 
വൈഭോഗമേ - ആഘോഷങ്ങൾ, പ്രൗഢഗംഭീരമായ ചടങ്ങുകൾ  

എത്ര ബൃഹത്തായ ആഘോഷങ്ങളും, പ്രൗഢഗംഭീരമായ ചടങ്ങുകളും ആണ് മുഥിലാപുരിയിലെ ജാനകീ പരിണയത്തിൽ ഉണ്ടായിരുന്നത്!

എത്ര ബൃഹത്തായ ആഘോഷങ്ങളും, പ്രൗഢഗംഭീരമായ ചടങ്ങുകളും ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കുന്നത്!

അനുപല്ലവി 
=========

പവനജ - വായുപുത്രൻ, ഹനുമാൻ 
സ്തുതിപാത്ര - പ്രശംസയ്ക്ക് പാത്രമായ, ആരാധിയ്ക്കുന്ന  
പാവന ചരിത്ര - മഹത്തായ കർമ്മങ്ങൾ ചെയ്ത, വിശിഷ്ടമായ വ്യക്തിത്വം, മര്യാദാപുരുഷോത്തമൻ  
രവി - സൂര്യൻ 
സോമ - ചന്ദ്രൻ 
വരനേത്ര - പാവിത്രമായ കണ്ണുകൾ, കണ്ണൂകളായി ലഭിച്ചിട്ടുള്ള  
രമണീയ - അഴകുള്ള 
ഗാത്ര   - ശരീരം 

വായുപുത്രനായ ഹനുമാന്റെ ആരാധനാ മൂർത്തിയായ, വിശിഷ്ടമായ വ്യക്തിത്വത്തിനുടമയായ, സൂര്യചന്ദ്രന്മാർക്ക് തുല്യമായ തിളക്കമുള്ള കണ്ണുകളും, അതികോമളമായ ശരീരവുമാർന്ന ശ്രീരാമചന്ദ്രന്റെ  സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

ചരണം 1 
=======

ഭക്തജന - ഭക്തജനങ്ങളുടെ 
പരിപാല - സംരക്ഷകൻ 
ഭരിത ശരജാല - വിവിധതരം അസ്ത്രങ്ങളുടെ അധിപൻ 
ഭുക്തി - സുഖഭോഗങ്ങൾ 
മുക്തി - മോക്ഷം 
ദ - ദായകൻ 
ലീല - വിനോദം 
ഭൂ-ദേവ പാല   -  ബ്രാഹ്മണ സംരക്ഷകൻ 

ഭക്തജനങ്ങളുടെ സംരക്ഷകനും, വിവിധതരം ദിവ്യാസ്ത്രങ്ങൾക്ക് അധിപനും, ഭൗതികസുഖഭോഗങ്ങളും, മോക്ഷവും ഭക്തരുടെ ഇച്ഛാനുസരണം നൽകുന്നതിൽ ആനന്ദിയ്ക്കുന്നവനും, ഋഷി, ബ്രാഹ്മണ ആദികളുടെ സംരക്ഷകനുമായ  ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

ചരണം 2 
=======

പാമര-അസുര - കുബുദ്ധികളായ അസുരന്മാരുടെ 
ഭീമ - ഭീകരത, രാക്ഷസൻ 
പരിപൂര്ണ - മുഴുവനാക്കുക  
കാമ - ആഗ്രഹിയ്ക്കുന്നത് പോലെ 
ശ്യാമ - കറുത്ത, കടുംനീല 
ജഗത്-അഭിരാമ - പ്രപഞ്ചത്തിന് ആനന്ദകാരകമായ 
സാകേത - അയോദ്ധ്യ 
ധാമ - നിവസിയ്ക്കുന്ന 

രാക്ഷസന്മാരുടേയും  കുബുദ്ധികളായ അസുരന്മാരുടെയും വിളയാട്ടങ്ങൾക്ക്  താനാഗ്രഹിയ്ക്കുന്നത് പോലെയുള്ള പരിസമാപ്തി നൽകുന്നവനും, പ്രപഞ്ചത്തിന് മുഴുവൻ ആനന്ദദായകനായ ശ്യാമവർണ്ണനും, അയോദ്ധ്യയിൽ അവതരിച്ചവനുമായ ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

ചരണം 3 
=======

സർവലോകാധാര - പ്രപഞ്ചത്തിന്റെ താങ്ങായ, ജഗന്നാഥനായ 
സമര - യുദ്ധം 
ഏക - ഒരേ ഒരു 
വീര - വീരൻ  
ഗർവ - അഹങ്കാരം 
മാനസ - മനസ്സുള്ള 
ദൂര - അകലത്തിൽ 
കനക - മഹാമേരു 
അഗ - പർവ്വതം 
ധീര - ധൈര്യശാലിയായ വീരൻ  

പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരമായി ധീരതയോടെ യുദ്ധം ചെയ്യുന്ന ഏകവീരനും, അഹന്ത നിറഞ്ഞ മനസ്സുള്ളവർക്ക് അപ്രാപ്യനും, മഹാമേരുപർവ്വതത്തെ പോലെ ഉയരവും, ബലവും, തലയെടുപ്പുമുള്ളവനുമായ അതിധൈര്യശാലി  ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

ചരണം 4 
=======

നിഗമ -  താന്ത്രികവിദ്യ, ശക്തി ശിവനോട് ഉരചെയ്തവ ( കർമ്മത്തിന്റെ കീഴ്വഴക്കങ്ങൾ) 
ആഗമ - താന്ത്രികവിദ്യ, ശിവൻ ശക്തിയോട് ഉരചെയ്തവ ( കർമ്മത്തിന്റെ മാർഗ്ഗങ്ങൾ) 
വിഹാര - പ്രതിപാദിയ്ക്കുന്ന, നിറഞ്ഞ് നിൽക്കുന്ന 
നിരുപമശരീ‍ര - ഉപമയില്ലാത്ത വ്യക്തിത്വം 
നഗ -  പർവ്വതം 
ധരാ - ഉയർത്തിയ 
അഗ - പാപം 
വിദാര - നശിപ്പിയ്ക്കുന്ന 
നത - വണങ്ങുന്ന 
ലോകാധാര  - ജഗന്നാഥൻ 

താന്ത്രിക കർമ്മങ്ങളായ ആഗമനിഗമങ്ങളിൽ നിറഞ്ഞവനും, പകരം വയ്ക്കാനില്ലാത്ത ദേഹകാന്തിയുള്ളവനും, ക്ഷീരസാഗര മഥനത്തിൽ  മന്ഥര പർവ്വതത്തെ ഉയർത്തി താങ്ങി നിർത്തിയ മഹാവിഷ്ണുവിന്റെ അവതാരവും, പാപവിനാശകനും, പ്രപഞ്ചസംരക്ഷകനായി ലോകം വണങ്ങുകയും ചെയ്യുന്ന ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

ചരണം 5 
=======

പരമേശ - പരമേശ്വരൻ 
നുത - പുകഴ്ത്തുക  
ഗീ‍ത -  കാവ്യ രൂപത്തിൽ 
ഭവജലധി - പ്രാപഞ്ചികജീവിതദുരിതസമുദ്രം, സംസാരമാം സാഗരം 
പോധ -  വഞ്ചി 
തരണികുല - സൂര്യവംശം 
സംജാത - അവതരിച്ച, ജനിച്ച 
ത്യാഗരാജ - ത്യാഗരാജഭാഗവതർ 
നുത - പുകഴ്ത്തുന്ന 

ശ്രീപരമേശ്വരൻ തന്റെ സംഗീതനാട്യവേളകളിൽ പ്രതിപാദിച്ച് പ്രശംസിയ്ക്കുന്ന മഹാവിഷ്ണുവിന്റെ അവതരമായവനും, പ്രാപഞ്ചികജീവിതദുരിതസമുദ്രം കടക്കുവാൻ മർത്ത്യന് വഞ്ചിയായി അഭയമരുളുന്ന, സൂര്യവംശത്തിൽ അവതരിച്ച, ത്യാഗരാജഭാഗവതർ പുകഴ്ത്തിപ്പാടുന്ന ശ്രീരാമചന്ദ്രന്റെ സാന്നിദ്ധ്യം മാത്രം ചിന്തിച്ചാൽ മതി.... എത്ര പ്രൗഢഗംഭീരമായ ചടങ്ങുകൾ ആണ് ശ്രീരാമന്റെ വിവാഹത്തിൽ ദർശ്ശിയ്ക്കാനാവുന്നത്!

No comments:

Post a Comment