Sunday, January 31, 2016

ഗോപാലക പാഹിമാം അനിശം (Gopalaka pahimaam anisam)

പല്ലവി
=====

ഗോപാലക പാഹിമാം അനിശം 
തവ പദരതമയി

അനുപല്ലവി
=========

പാപ വിമോചന പവിധരാദി നത പദ പല്ലവ

ചരണം 1
=======

സാധുകഥിത മൃദുശന സരോഷാഭിത 
മാതൃ വീക്ഷിത ഭൂധര ജലനിധി
മുഖ ബഹുവിധ ഭുവനജാല ലളിതമുഖാംബുജ

ചരണം 2
=======

സാരസ ഭവ മദകര സതീർത്ഥ്യ ദീന 
ഭൂസുരാർപ്പിത പാരാരഹിത
ധനജയ നിരുപമ പതഗ രാജരഥ കമലാവര

ചരണം 3 
======

സാ രസ രസ സുവചന സരോജനാഭ 
ലോകനായക ഭൂരി കരുണ
തനുജിത മനസിജ ഭുജഗ രാജശായ മുരശാസന



വ്യാഖ്യാനം
=======

പല്ലവി
=====

ഗോപാലക  - പശുവിനെ സംരക്ഷിയ്ക്കുന്നവൻ, ശ്രീകൃഷ്ണൻ 
പാഹി - സംരക്ഷിയ്ക്കുക, കാത്തുരക്ഷിയ്ക്കുക 
മാം - എന്നെ 
അനിശം - എല്ലായ്പ്പോഴും 
തവ  - അവിടുത്തെ 
പദ - പേർ, പാദം 
രതമയി - അത്യാഹ്ലാദദായകം 

അല്ലയോ.. ഗോപാലരൂപിയായ  ശ്രീകൃഷ്ണാ ... എന്നെ സദാ കാത്ത് രക്ഷിച്ചാലും.... അവിടുത്തെ പദസ്മരണ / അങ്ങയുടെ നാമോച്ചാരണം പോലും അത്യാഹ്ലദമുളവാക്കുന്നു.

(ശ്രീകൃഷ്ണന്റെ കൈയ്യിൽ  ഗോദണ്ഡവും - ഗോക്കളെ തെളിയ്ക്കുവാനുള്ള വടി, ശ്രീരാമന്റെ കയ്യിൽ കോദണ്ഡവും - വില്ല്, ആണുള്ളത്. ഗോ എന്നാ ഥാതുവിന്  പശു എന്നതിന് പുറമേ അറിവ്, ബോധം, ഭൂമി എന്ന് കൂടി അർത്ഥമുണ്ട്; ആയതിനാൽ അറിവിനെ ഹയഗ്രീവനായും, ബോധത്തെ ഋഷികേശനായും, ഭൂമിയെ വരാഹമായും പാലിയ്ക്കുന്ന മഹാവിഷ്ണുവിനെ നേരിട്ട് അഭയം പ്രാപിയ്ക്കുന്നതായും കരുതാം; പ്രത്യേകിച്ച് എഴുതിയത് പദ്മനാഭദാസ്സനാകയാൽ)

അനുപല്ലവി
=========

പാപവിമോചന  - പാപങ്ങളിൽ നിന്നും മുക്തി ദായകാ..
പവി - അഗ്നി 
ധര - പ്രഥ്വി 
ആദി - തുടങ്ങിയവർ 
നത  - വന്ദിയ്ക്കുക 
പദ - പാദം 
പല്ലവ - പൂമുട്ട്, തളിര് 


സകലപാപങ്ങൾക്കും മുക്തിദായകനായ അവിടുത്തെ പാദപങ്കജങ്ങളിൽ അഗ്നിയും, പ്രഥ്വിയും അടങ്ങുന്ന പഞ്ചഭൂതങ്ങളും (അഷ്ടദിക്ക്പാലകർ എന്നും വ്യാഖ്യാനിയ്ക്കാം)  പ്രണമിയ്ക്കുന്നു.

ചരണം 1
=======

സാധു - ദൃക്സാക്ഷികൾ, ജനം 
കഥിത - അറിയിയ്ക്കുക 
മൃദു - ചെളി 
അശന - ഭക്ഷിയ്ക്കുക  
സ - കൂടി 
രോഷാ - ദേഷ്യം 
ആഭിത - ഭീതിയോടെ 
മാതൃ - അമ്മ 
വീക്ഷിത - നോക്കിയപ്പോൾ 
ഭൂധര - വൻകരകൾ 
ജലനിധി - സമുദ്രങ്ങൾ 
മുഖ - വായുടെ ഉള്ളിൽ 
ബഹുവിധ വിവിധതരം  
ഭുവനജാല - ജീവജാലങ്ങൾ 
ലളിത - കോമളമായ 
മുഖാംബുജ - താമര പോലെ മഹോഹരമായ വിടർന്ന മുഖത്ത് 


അല്ലയോ കൃഷ്ണാ... ബാലനായിരിയ്ക്കേ  നീ ചെളിവാരി ഉണ്ടു എന്ന് ചില പരിസരവാസികൾ നിന്റെ മാതാവായ യശോദയെ അറിയിയ്ക്കുകയും, ഒരേ സമയം നിന്റെ പ്രവൃത്തിയിൽ ദേഷ്യവും, നിന്റെ ആരോഗ്യകാര്യത്തിൽ ഭീതിയും ഉണ്ടായ നിന്റെ അമ്മ, നിന്റെ വായ തുറന്ന് പരിശോധിച്ചപ്പോൾ.... വൻകരകളും, സമുദ്രങ്ങളും, സകലജീവജാലങ്ങളും ഉൾപ്പടെ പ്രപഞ്ചം തന്നെയാണ് ആ താമരപ്പൂ പോലെ വിടർന്ന കമനീയമായ  മുഖത്തെ കുഞ്ഞ് വായയ്ക്കുള്ളിൽ കാണുമാറായത്.

ചരണം 2
=======

സാരസ - താമരപ്പൂ 
ഭവ - ഇരിപ്പിടമായുള്ള 
മദ -  അഹങ്കാരം 
ഹര - നശിപ്പിയ്ക്കുക 
സതീർത്ഥ്യ  - സഹപാഠി 
ദീന - ദരിദ്രനായ 
ഭൂസുര - ബ്രാഹ്മണൻ 
അർപ്പിത - നൽകിയ 
പാരാരഹിത - തുലനം ചെയ്യാനാവാത്തത്ര 
ധനചയ - ധനക്കൂമ്പാരം 
നിരുപമ - പകരമില്ലാത്ത, മറ്റൊന്നില്ലാത്ത 
പതഗരാജ - പക്ഷികളുടെ രാജാവ്, ഗരുഢൻ 
രഥ - രഥം 
കമലാവര - ലക്ഷീപതി 

സകല ഐശ്വര്യത്തിനും നിദാനമായ ലക്ഷ്മീ ദേവിയുടെ പതിയായി, പക്ഷിരാജൻ ഗരുഢന്റെ ഉപമകളില്ലാത്ത രഥത്തിൽ ആകാശമർഗ്ഗേ വിഹരിയ്ക്കുന്ന അങ്ങ്, കേവലം ദരിദ്രനായ തന്റെ സഹപാഠിയ്ക്ക് അയാൾ നൽകിയ അവിൽപ്പൊതിയ്ക്ക് പകരമായി, വിലമതിയ്ക്കാനാവാത്ത ധനശേഖരം തന്നെ നൽകുവാനുള്ള കൃപയിലൂടെ ഭക്തവാത്സല്യവും, തുച്ഛമായതെങ്കിലും മനസ്സുറച്ച സമർപ്പണങ്ങളെ വിലമതിയ്ക്കുകയും ചെയ്തു.

(മുനി സന്ദീപനിയുടെ ആശ്രമത്തിലെ സഹപാഠിയായിരുന്ന സുദാമാവെന്ന കുചേലനെ, ദ്വാരകയിൽ സ്വീകരിച്ച്, അയാൾ മുഷിഞ്ഞ പൊതിയിൽ കൊണ്ട് വന്ന അവൽ സ്വീകരിച്ച് പകരം കൊട്ടാരവും, ധനവും  ഐശ്വര്യങ്ങളും നൽകിയതാണിവിടെ പ്രതിപാടിയ്ക്കുന്നത്)  

ചരണം 3 
======

സാരസ രസ - സത്തിന്റെ സത്തായ 
സുവചന - മഹദ് തത്വങ്ങൾ അരുളുന്ന 
സരോജനാഭ - നാഭിയിൽ താമരയുള്ള 
ലോകനായക - പ്രപഞ്ച നാഥാ 
ഭൂരി കരുണ - കരുണനിറഞ്ഞവനേ 
തനുജിത  - വിജയത്തിന്റെ മൂർത്തീഭാവമായ 
മനസിജ - കാമദേവരൂപൻ 
ഭുജഗരാജ - സർപ്പങ്ങളുടെ രാജാവ്, ആദിശേഷൻ, അനന്തൻ  
ശായ - ശയിയ്ക്കുന്ന 
മുര -  നരകാസുരന്റെ സേനാനി മുരാസുരൻ 
ശാസന - അടക്കിയ, നശിപ്പിച്ച 

മഹാഭാരതയുദ്ധസമയത്ത് വിഷാദയോഗത്തിലായ അർജ്ജുനന് അങ്ങ്, ഏറ്റവും മഹത്തരവും, മർമ്മപ്രധാനവുമായ സാരോപദേശങ്ങൾ നൽകി അനുഗ്രഹിച്ചു. വിശ്വരൂപദർശ്ശനത്തിലൂടെ സാക്ഷാൽ ജഗന്നാഥൻ തന്നെയെന്ന് വ്യക്തമാക്കിയ അങ്ങ്, ഭക്തരിൽ കാരുണ്യമുള്ളവനും, വിജയത്തിന്റെ ആധാരശിലയും, രൂപത്തിൽ കാമദേവനെ ജയിക്കുന്ന കോമളശരീരനും ആണ്.  ശ്രീകൃഷ്ണാ.. അവിടുന്ന് അസുരരിലെ പ്രമാണിയായ നരകാസുരനെ വധിയ്ക്കുന്നതിനുള്ള പുറപ്പാടിൽ ദുർജ്ജയനായ മുരാസുരനെ വധിച്ചവനും, ആദിശേഷനെ ശയ്യയാക്കി പാലാഴിയിൽ പള്ളികൊള്ളും മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരവുമാകുന്നു.

(ഇവിടെ ശ്രീകൃഷ്ണാവതാരത്തിലെ ഗീതോപദേശവും, പാണ്ഡവ യുദ്ധവിജയവും, വിശ്വരൂപദർശ്ശനവും, ഗോപികാമന്മഥനായ ലീലകളും, നരകാസുരവധവും പരാമർശ്ശിയ്ക്കുന്നതിനൊപ്പം അവതാര പരാമർശ്ശവും, സ്വാതിതിരുനാൾ മുദ്രയായ "സരജിനാഭ" യും പരാമർശ്ശിയ്ക്കുന്നു)
ആലാപനം - കെ.ജെ.യേശുദാസ്സ് 


2 comments: