Wednesday, January 6, 2016

പഞ്ചമിപ്പെണ്ണ്

ഒരു പക്ഷേ ബിച്ചു തിരുമല എഴുതിയ മികച്ച ഗാനം. 



വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ

വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
(വാകപ്പൂ മരം ചൂടും....)

തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..

(വാകപ്പൂ മരം ചൂടും....)

വാതിലിൽ വന്നെത്തി നോക്കിയ വസന്ത പഞ്ചമിപ്പെണ്ണ്, വയലാറിന്റെ മാനത്തെ വനജോത്സ്ന നനയ്ക്കുവാൻ മണ്‍കുടം കൊണ്ട് നടക്കുന്ന പൗർണ്ണമിയേക്കാൾ ഒട്ടും മോശമല്ല. 

വിരലോടിച്ച് വിളിച്ച നേരം വിരൽ കടിച്ച് അരികിൽ വന്നവൾ , ഇന്നലെ മയങ്ങുമ്പോൾ, ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ അരികിൽ, മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മാടിവിളിയ്ക്കാതെ വന്ന ഭാസ്ക്കരൻ മാഷിന്റെ ഓമനയോളം തന്നെ വരും.

ചൊടിമുകർന്ന് , തണുവണിത്തളിർ ശയ്യയിൽ തനു തളർന്നും തമ്മിൽ പുണർന്നും വീണവരെ നിങ്ങൾക്ക് സ്വസ്തി!

വയലാർ, ഭാസ്ക്കരൻ മാഷ്‌ പ്രതിഭകളോട് മത്സരിയ്ക്കേണ്ട കാലത്തെ ആ രചനാവൈഭവം പിന്നീട് ഭാസ്ക്കരൻ മാഷിനോടും, ശ്രീകുമാരന്തമ്പിയോടും, ഓ.എൻ .വി യോടും മത്സരമാകാതെ ടി.പി.ശാസ്തമംഗലത്തോടുള്ള "കടലോരതീരത്തിലെ" ഇരട്ടിപ്പ് പോലെ വെല്ലുവിളികൾ ആയത് മലയാളഗാനശാഖയുടെ ജാതകദോഷം എന്നേ പറയാനാകൂ!

No comments:

Post a Comment