Saturday, January 9, 2016

സിദ്ധിവിനായകം അനിശം (Siddhivinayakam anisam)

പല്ലവി
======

സിദ്ധിവിനായകം അനിശം ചിന്തയാമ്യാഹം 
പ്രസിദ്ധ ഗണനായകം വിശിഷ്ടാർത്ഥ ദായകം വരം 

അനുപല്ലവി
===========

സിദ്ധ യക്ഷ കിന്നരാദി സേവിതം 
അഖില ജഗത് പ്രസിദ്ധം 
മൂല പങ്കജ മധ്യസ്ഥം മോദക ഹസ്തം 

ചരണം 
=======

ഭാദ്രപദ മാസ ചതുർത്ഥ്യാം ബ്രാഹ്മണാദി പൂജിതം 
പാശാങ്കുര ധരം ഛത്രചാമര പരിവ്ലിജിതം 
രൗദ്രഭാവ രഹിതം ദാസ ജനഹൃദയ വിരാജിതം 
രൗഹിണ്യേ അനുജാർച്ചിതം ഇഹനാ വർജിതം

മദ്ധ്യകാല സാഹിത്യം 
================

അദ്രിരാജ സുതാത്മജം അനന്തഗുരു ഗുഹാഗ്രജം 
ഭാദ്രപ്രദ പദാംബുജം ഭാസമാന ചതുർഭുജം 


വ്യാഖ്യാനം
========

പല്ലവി
======

സിദ്ധിവിനായകം - ഗണപതിയ്ക്ക് രണ്ട് ഭാര്യമാർ ആണുള്ളത്; ബുദ്ധിയും, സിദ്ധിയും. ബുദ്ധി ഇടത് ഭാഗത്തും സിദ്ധി വലത് ഭാഗത്തും കുടികൊള്ളുന്നു. തുമ്പിക്കൈ വലത് ഭാഗത്തേയ്ക്ക് ചാഞ്ഞിരിയ്ക്കുന്ന സങ്കൽപ്പം സിദ്ധിവിനായകനും (വരദായകൻ, ഐശ്വര്യദായകൻ, അറിവ്, കഴിവ് നൽകുന്നവൻ), ഇടത് ഭാഗത്തേയ്ക്ക് ചാഞ്ഞിരിയ്ക്കുന്ന സങ്കൽപ്പം വിഘ്നേശ്വരൻ, വിനായകനും (തടസ്സങ്ങൾ അകറ്റുന്ന) എന്ന് താന്ത്രിക വിധി(32 രൂപങ്ങളിൽ പ്രകടമായ വേർതിരിവ്) . സിദ്ധവിനായകൻ എന്ന പ്രയോഗം രസകരമാണ്

അനിശം - നിരന്തരം, എല്ലയ്പ്പോഴും 
ചിന്തയാമി - പ്രാർത്ഥിയ്ക്കുന്നു 
അഹം - ഞാൻ 
പ്രസിദ്ധഗണനായകം - ഭൂതഗണങ്ങളുടെ നായകൻ എന്ന് പുകൾപെറ്റ , 
വിശിഷ്ടാർത്ഥ - അഭീഷ്ട, 
ദായകം വരം - വരം നല്കുന്ന

സർവ്വാഭീഷ്ട വരദായകനും, ഭൂതഗണനാഥനുമായ സിദ്ധിവിനായകനെ ഞാൻ എല്ലായ്പ്പോഴും പ്രാർത്ഥിയ്ക്കുന്നു.

അനുപല്ലവി
===========

സിദ്ധന്മാർ, യക്ഷന്മാർ, കിന്നരന്മാർ, എന്നിങ്ങനെയുള്ള ദേവവിഭാഗങ്ങളാൽ സേവിയ്ക്കപ്പെടുന്ന....

പ്രപഞ്ചം മുഴുവൻ അറിയപ്പെടുന്ന.. (പുരാണങ്ങൾ ആധാരമാക്കിയാൽ.. ബ്രഹ്മപുരി, മനോമതി, അമരാവതി, തേജോവതി, സംയമനി, കൃഷ്ണാംഗന, ശ്രദ്ധാവതി, ഗന്ധാവതി, മഹോദയ, യശോവതി എന്നിങ്ങനെ സുമേരു പർവ്വതത്തിന്റെ മുകളിലുള്ള ദേവനഗരങ്ങളിൽ, താമസിയ്ക്കുന്ന അർത്ഥദേവവിഭാഗങ്ങൾ ആണ് യക്ഷരും, കിന്നരരും. ഇവർ പൊതുവിൽ പകുതി മനുഷ്യശരീരാകൃതിയും ബാക്കി പക്ഷിയോ, കുതിരയോ മറ്റ് ജന്തുരൂപമോ ആണ്. പ്രണയത്തിന്റേയും, സംഗീതത്തിന്റെയും സാങ്കൽപ്പികരൂപങ്ങൾ ആണിവയിലധികവും.)

മൂലാധാരപത്മത്തിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നവനും കൈകളിൽ മോദകം ഏന്തിയവനുമായ സങ്കൽപ്പത്തിലുള്ള.... (മൂലാധാരപദ്മം , സഹസ്രാരപദ്മം എന്നീ തന്ത്രവിധിയിലെ മർമ്മപ്രധാനമായ വാക്കുകളുടെ അർത്ഥം വ്യാഖ്യാനിയ്ക്കുക ഇവിടെ ലളിതമല്ല, ഗണപതിയെ മൂലാധാരചക്രത്തിൽ മദ്ധ്യസ്ഥമായി സങ്കൽപ്പിച്ചിരിയ്ക്കുന്നു ; ആസ്റ്റ്രോണമിയിലെ "സെനിത്ത്", "നാടിർ" എന്നീ പ്രയോഗങ്ങൾ പഠിയ്ക്കുക, സെലസ്റ്റിയൽ പ്ലയിൻ അച്ചുതണ്ടിനെ ഭേദിയ്ക്കുന്ന നിമ്നഭാഗവും, ഉപരിഭാഗവും ആണവയെന്ന് കാണാം) 

സിദ്ധിവിനായകനെ ഞാൻ എല്ലായ്പ്പോഴും പ്രാർത്ഥിയ്ക്കുന്നു. 

ചരണം 
======

ഭാദ്രപദമാസ - ചൈത്രമാസത്തിൽ തുടങ്ങുന്ന ചന്ദ്രമാസ ക്രമത്തിൽ ആറാമത്തെ മാസം. (ചൈത്രം, വിശാഖം, ജേഷ്ഠം, ആഷാടം, ശ്രാവണം, ഭാദ്രപ്രദം, അശ്വിനി, കൃതിക, മൃഗശിര, പുഷ്യാമി, മാഘം, ഫാൽഗ്ഗുനം). 

ചതുർത്ഥ്യാം - അമാവാസി അല്ലെങ്കിൽ പൗർണ്ണമിയ്ക്ക് ശേഷമുള്ള നാലാമത്തെ ദിവസ്സം. ഭാദ്രപ്രദത്തിലെ ശുക്ലപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥിയായി ആഘോഷിയ്ക്കുന്നത്.

ബ്രാഹ്മണാദി പൂജിതം - വിനായകചതുർത്ഥിയിൽ ബ്രാഹ്മണരാൽ പൂജിയ്ക്കപ്പെടുന്ന
പാശാങ്കുശ - കയറിൽ ഉള്ള കുരുക്ക്
ധരം - കൈകളിൽ പിടിച്ചിരിയ്ക്കുന്ന 
ഛത്ര - കുട 
ചാമരം - വിശറി 
പരിവിജിതം - ഇവയാൽ ബഹുമാനിയ്ക്കപ്പെടുന്ന, നൽകി ആദരിയ്ക്കപ്പെടുന്ന 
രൗദ്രഭാവ - ദേഷ്യം 
രഹിതം - ഇല്ലാത്ത 
ദാസജന - ഭക്തജനങ്ങളുടെ 
ഹൃദയവിരാജിതം - ഹൃദയത്തിൽ വസിയ്ക്കുന്ന
രൗഹിണ്യേ - രോഹിണിയുടെ പുത്രന്റെ (ബലരാമന്റെ)
അനുജാ - അനുജനാൽ (ശ്രീകൃഷ്ണനാൽ)
അർച്ചിതം- ആരാധിയ്ക്കപ്പെടുന്ന
ഇഹനാ - ആഗ്രഹങ്ങൾ, ഭോഗങ്ങൾക്ക് 
വർജിതം - ഉപേക്ഷിച്ച, അതീതനായ , ജിതേന്ദ്രിയനായ

ഭാദ്രമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർത്ഥി, വിനായചതുർത്ഥി ആയി ബ്രാഹ്മണർ അവിടുത്തെ പൂജിയ്ക്കുന്നു. സിദ്ധിവിനായകസങ്കൽപ്പത്തിൽ കയറിന്റെ കുരുക്കു കയ്യിലേന്തി, മുത്തുക്കുട ചൂടിച്ച് , വെഞ്ചാമരവും വീശി അവിടുത്തെ അലങ്കരിച്ച് ആദരിയ്ക്കുന്നു.

ദേഷ്യഭാവം തെല്ലുമേയില്ലാതെ സദാ സൗമ്യനായി ഭക്തജന ഹൃദയങ്ങളിൽ അങ്ങ് വിഹരിയ്ക്കുന്നു. ( രൗദ്രതയുടെ മൂർത്തീരൂപമായ ഭദ്രകാളിയുടേതെന്നറിയപ്പെടുന്ന ഭാദ്രപ്രദ മാസത്തിലെ ചതുർത്ഥി ആണ് വിനായകചതുർത്ഥി എന്ന തന്ത്രവിധിയിൽ ചില സൂചനകൾ ഇവിടെ നൽകുന്നു. അതി ശക്തിയുള്ള ഭദ്രകാളി, രക്തചാമുണ്ഡി ക്ഷേത്രങ്ങളിൽ ബാലഗണപതിയുടെ പ്രതിഷ്ഠ അധികമായി (ഗണപതിയുടെ ഉപദേവതാസ്ഥാനത്തിനു പുറമേ) കാണാം. രൗദ്രതയുടെ പൊരുളായ ഭദ്രകാളിയുടെ മാസത്തിൽ തുടക്കത്തിൽ തന്നെ സൗമ്യതയുടെ മൂർത്തിയായ ഗണപതിയുടെ ആരാധന നടത്തുന്നു)

വസുദേവരുടെ ഭാര്യ രോഹിണീയുടെ പുത്രനായ ബലരാമന്റെ ഇളയ സഹോദരൻ ശ്രീകൃഷ്ണൻ, സാക്ഷാൽ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരം, അവിടുത്തെ പൂജചെയ്തിരുന്നു.

അവിടുന്നോ..ജിതേന്ദ്രിയനും, കാമ-ക്രോധ-ലോഭ-മദ-മാത്സര്യ-ങ്ങൾക്ക് അതീതനായി വർത്തിയ്ക്കുന്നു.

മദ്ധ്യകാല സാഹിത്യം 
================

അദ്രിരാജ - പർവ്വതരാജാവ് , ഹിമവാൻ
സുത - പുത്രി 
ആത്മജം - പുത്രൻ
അനന്ത - കാമദേവതുല്യനായ, അനശ്വരനായ
ഗുരുഗുഹ - സുബ്രഹ്മണ്യന്റെ 
അഗ്രജം - ജേഷ്ഠസഹോദരൻ
ഭദ്രപദ - വിജയമരുളുന്ന
പദാംബുജം - പദകമലങ്ങൾ, ചേവടികൾ, തൃപ്പാദങ്ങൾ 
ഭാസമാന - തിളക്കമാർന്ന, അതിശോഭയുള്ള
ചതുർഭുജം - നാല് കൈകൾ

പർവ്വതരാജാവായ ഹിമവാന്റെ പുത്രി ശ്രീപാർവ്വതിയുടെ പുത്രനും, കോടിസൂര്യപ്രഭയുള്ള സുബ്രഹ്മണ്യസ്വാമിയുടെ ജേഷ്ഠസഹോദരനും, വിഘ്നമകറ്റി, വിജയം അരുളുന്ന തൃപ്പാദങ്ങളുള്ളവനും, മനോജ്ഞമായ ചതുർഭുജ-ത്തോടെ വിരാജിയ്ക്കുന്നവനുമായ ...

സിദ്ധിവിനായകനെ ഞാൻ എല്ലായ്പ്പോഴും പ്രാർത്ഥിയ്ക്കുന്നു.
ആലാപനം - കെ. ജെ.യേശുദാസ്സ്


No comments:

Post a Comment