Sunday, January 17, 2016

ഭാവയാമി രഘുരാമം (Bhavayami Raghuramam)

പല്ലവി (രാഗം : സാവേരി, മായാമാളവഗൗള )
=====

ഭാവയാമി രഘുരാമം 
ഭവ്യ സുഗുണാരാമം

അനുപല്ലവി (രാഗം : സാവേരി, മായാമാളവഗൗള )
=========

ഭാവുക വിതരണപരാ-
പാംഗലീലാ ലസിതം 

ചരണം 1 (രാഗം : നാട്ടക്കുറിഞ്ഞി, ഹരികാംബോജി )
=======

ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

ചരണം 2 (രാഗം : ധന്യാസി, ഹനുമതോടി )
=======

വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ചരണം 3 (രാഗം : മോഹനം, ഹരികാംബോജി )
=======

വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

ചരണം 4 (രാഗം : മുഖാരി, ഖരഹരപ്രിയ )
=======

കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

ചരണം 5 (രാഗം : പൂർവ്വികല്യാണി, ഗമനശ്രമ )
=======

വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

ചരണം 6 (രാഗം : മധ്യമാവതി, ഖരഹരപ്രിയ )
=======

കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം



വ്യാഖ്യാനം 
========

ഇതൊരു രാഗമാലിക ആണ് ,  രാമായണത്തിലെ ആറ് കാണ്ഡങ്ങളിൽ നിന്നും  മർമ്മപ്രധാനമായ കഥാസന്ദർഭങ്ങൾ ശേഖരിച്ച്, സംഗ്രഹിച്ച് ആറ് ശ്ലോകങ്ങളിലൂടെ ശ്രീരാമനെ പൂർണ്ണമായി ചിത്രീകരിയ്ക്കുന്നു; ഒരു വിഷയമാകുന്ന ചരടിൽ കോർത്ത ഏഴു രാഗങ്ങളിൽ ഉള്ള പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നീ പുഷ്പങ്ങളാൽ   ഒരുക്കിയ മാലയാണീ കീർത്തനം.  

ഇതുവരെ നമ്മൾ വ്യാഖ്യാനിച്ച കീർത്തനങ്ങളിൽ വെച്ചേറ്റവും സങ്കീർണ്ണവും, ദുഷ്ക്കരവുമായത് " ഭാവയാമി രഘുരാമം" ആണെന്ന് നിസ്സംശയം പറയുവാൻ കഴിയും. രാമായണത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീരാമന്റെ വ്യക്തിപ്രഭാവം 7 കാണ്ഡങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 6 കാണ്ഡങ്ങളിലെ അവസ്ഥകളിലൂടെ പരിപൂർണ്ണ-മായി അവതരിപ്പിയ്ക്കുകയാണ് സ്വാതിതിരുനാൾ.


തുളസ്സീദാസ്സിനും,എഴുത്തച്ഛനും ഇതിഹാസത്തിന്റെ വലിപ്പത്തിൽ ഉള്ള കൃതി പൊളിച്ചെഴുതലുകൾക്ക് സൗകര്യമൊരുക്കി; എന്നാൽ 2  വരികളിലും,  8 ശ്ലോകങ്ങളിലുമായി അതെ കൃത്യം നിർവ്വഹിയ്ക്കുക എന്ന സ്വാതി തിരുനാളിന്റെ സാഹസ്സത്തിന് നമ്മൾ സക്ഷികളാവുകയാണീ  കീർത്തനത്തിലൂടെ. അതിനാൽ തന്നെ വാത്മീകി രാമായണമെന്ന അടിത്തറയിൽ നിൽക്കുമ്പോഴും അതിൽ നിന്ന് വ്യത്യസ്ഥമായി  ലഘുവെങ്കിലും അതിഗംഭീരമായ ചില പൊടിപ്പും തൊങ്ങലും ഈ കൃതിയിലുടനീളം നമുക്ക് ദർശ്ശിയ്ക്കാം.

പല്ലവി 
=====

ഭാവയാമി - ആരാധിയ്ക്കുന്നു, പൂജിയ്ക്കുന്നു 
രഘുരാമ -  രഘുവംശത്തിൽ പിറന്ന രാമനെ 
അഹം - ഞാൻ 
ഭവ്യ - വിജയപ്രദമായ, നന്മയുണ്ടാക്കുന്ന 
സുഗുണ -  സദ്ഗുണങ്ങൾ 
ആരാമം -  പൂന്തോട്ടം, വിളനിലം 

വിജയമരുളുന്ന സദ്ഗുണങ്ങളുടെ മൂർത്തിമദ്ഭാവ-മായ രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിയ്ക്കുന്നു. 

അനുപല്ലവി 
=========

ഭാവുക - ഐശ്വര്യം, സന്തോഷം   
വിതരണപര - ദാനപ്രിയൻ, വരദായകൻ 
അപാംഗലീലാ - കടക്കണ്ണിലൂടെ 
ലസിതം - തിളക്കമാർന്ന 

ഭക്തജനങ്ങൾക്ക് തിളക്കമാർന്ന കടക്കണ്ണിലൂടെയുള്ള കടാക്ഷത്താൽ തന്നെ ഐശ്വര്യവും, സന്തോഷവും വരമായി ചൊരിയുവാൻ പ്രിയമുള്ള ....
രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിയ്ക്കുന്നു. 

ചരണം 1 (ബാലകാണ്ഡം)
=======

ദിനകര - സൂര്യൻ
ന്വയ - പിന്തുടർച്ചക്കാരൻ, വംശജൻ 
തിലകം - പൊട്ട്, പ്രധാനി
ദിവ്യ - മഹാനായ 
ഗാധിസുത - ഗാഥിയുടെ പുത്രൻ , രാജർഷി വിശ്വാമിത്രൻ
സവനാ - യാഗം
വന - സംരക്ഷണം
രചിത -  നിർവ്വഹിച്ച  
സുബാഹുമുഖ - സുബാഹുവിനാൽ നയിയ്ക്കപ്പെട്ട  രാക്ഷസന്മാർ
വധം - വധിച്ച 
ഹല്യാ - ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയെ 
പാവനം - ശുദ്ധീകരിച്ച
അനഘം - കളങ്കമില്ലാത്ത, പാപരഹിതൻ
ഈശചാപഭംഗം - ആരാണോ ഈശ്വരന്റെ (ശിവന്റെ) വില്ല് ഓടിച്ചത്, മൈഥിലീ സ്വയംവരത്തിനായി ശൈവചാപം മുറിച്ച
ജനകസുതാ - ജനകമാഹാരാജാവിന്റെ പുത്രിയുടെ, സീതയുടെ 
പ്രാണേശം - പ്രാണനാഥൻ 
ഘനകുപിത - അതിക്രുദ്ധനായ, അത്യന്തം കോപിഷ്ഠനായ
ഭൃഗുരാമ - ഭ്രഗുവംശത്തിലെ രാമൻ, പരശുരാമൻ
ഗർവ്വ - മദം, ഗർവ്വ്‌
ഹര - ഇല്ലാതാക്കുക  
ഇത സാകേതം - സാകേത നഗരത്തിൽ (അയോദ്ധ്യ) എത്തിച്ചേർന്നു  


ബാലകാണ്ഡത്തിലെ 77 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....

സൂര്യവംശ കുലമണിയായ ശ്രീരാമചന്ദ്രൻ, മഹരാജാവ് ഗാഥിയുടെ പുത്രനായ രാജർഷി വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി നിയോഗിയ്ക്കപ്പെടുകയും, യാഗരക്ഷാർത്ഥം സുബാഹുവിന്റെ നേതൃത്വത്തിൽ യാഗം മുടക്കുവാൻ വന്ന രാക്ഷസന്മാരെ വധിയ്ക്കുകയും, ഗൗതമമുനിയുടെ ശാപത്തെ തുടർന്ന് യുഗങ്ങളോളം മന്ദാകിനീ നദീതീരത്ത് ശിലയായി കഴിഞ്ഞ അഹല്യയെ പാദസ്പർശ്ശനത്താൽ പവിത്രയാക്കി, പുനർജ്ജീവിപ്പിയ്ക്കുകയും, ഗൗതമ മഹർഷിയുടെ നിർദ്ദേശ പ്രകാരം മിഥിലാപുരിയിൽ എത്തുകയും അവിടെ നടന്ന സ്വയംവരത്തിൽ കുലച്ച് ലക്ഷ്യം ഭേദിയ്ക്കുവാൻ വച്ചിരുന്ന വില്ലെടുത്ത് ഞാണേറ്റാനുള്ള ശ്രമത്തിനിടയിൽ കരുത്താൽ വില്ലൊടിച്ച് ജനകപുത്രി സീതയെ പരിണയിച്ച് അവൾക്ക് പ്രാണനാഥനായി സ്വരാജ്യത്തേയ്ക്ക് മടങ്ങുമ്പോൾ ഗുരുവായ പരമശിവന്റെ ചാപമൊടിച്ച  ക്ഷത്രിയനെ വധിയ്ക്കാൻ അതിക്രുദ്ധനായെത്തിയ പരശുരാമന്റെ   "ഞാനൊഴിഞ്ഞുണ്ടോ രാമൻ ഈ ത്രിഭുവനത്തിങ്കൽ?" എന്ന ഗർവ്വം അടക്കി, ആ വൈഷ്ണവതേജസ്സിനെ ഏറ്റുവാങ്ങി വിജയശ്രീലാളിതനായി ഭാര്യാസമേതനായി കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോധ്യാ നഗരിയിൽ തിരിച്ചെത്തി.


ചരണം 2 (അയോദ്ധ്യാകാണ്ഡം)
=======

വിഹതാഭിഷേകം - അഭിഷേകം ഉപേക്ഷിച്ച്, കിരീടധാരണം മുടങ്ങിയ  
ഥ - ശേഷം, പിന്നീട്
വിപിനഗതം - വനത്തിൽ പോയ,  വനവാസം ചെയ്ത
ആര്യവാചാ - മുതിർന്നവരുടെ വാക്കുകൾക്ക് വില നൽകി, ദശരഥന്റെ വാക്ക് പാലിയ്ക്കുവാനായി
സഹിത സീതാസൌമിത്രിം - സീതയോടും സുമിത്രാനന്ദനൻ, ലക്ഷ്മണനോടും ചേർന്ന്
ശാന്തതമശീലം - അതീവ ശാന്തനായി, ഏറ്റവും ഉയർന്ന തലത്തിലുള്ള ശാന്തപ്രകൃതിയോടെ  (ശാന്തം, ശാന്തതരം, ശാന്തതമം)
ഗുഹനിലയം - ഗുഹന്റെ ഗൃഹം, (തന്റെ വീട്ടിലെത്തിയ ശ്രീരാമനെ നിഷാദന്മാരുടെ മുഖ്യനും കടത്തുകാരനുമായ ഗുഹൻ താമസ്സാ നദിയുടെ മറുകരയിൽ എത്തിയ്ക്കുന്നു)
ഗതം - വന്നുചേർന്ന
ചിത്രകൂടാഗത - ചിത്രകൂടപർവ്വതത്തിൽ ജേഷ്ഠസഹോദരനെ സന്ദർശ്ശിയ്ക്കുവാനെത്തിയ
ഭരത - രാജകുമാരനും  കൈകേയീ പുത്രനുമായ ഭരതൻ
ദത്ത - നൽകിയ
മഹിതരത്നമയ - അതിവിശിഷ്ഠങ്ങളായ രത്നങ്ങളാൽ അലങ്കരിച്ച
പാദുകം - പാദരക്ഷ
മദന - കാമദേവതുല്യ
സുന്ദരാംഗം - മനോഹരമായ ശരീരകാന്തിയുള്ളവൻ 

അയോദ്ധ്യാകാണ്ഡത്തിലെ 119 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....

ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാൻ തീരുമാനിച്ച വിവരം അറിഞ്ഞ മന്ഥരയുടെ ഏഷണിയിൽ മയങ്ങി കൈകേയി ആവശ്യപ്പെട്ട വരമായ രാമന്റെ 14 വർഷത്തെ വനവാസം അനുവദിയ്ക്കാനും അനുവദിയ്ക്കാ-തിരിയ്ക്കാനുമാവാത്ത പിതാവ് ദശരഥന്റെ ധർമ്മസങ്കടം തിരിച്ചറിഞ്ഞ് ശ്രീരാമൻ പട്ടാഭിഷേകം ഉപേക്ഷിച്ച്, പത്നി സീതയോടും, സഹോദരൻ ലക്ഷ്മണനോടും കൂടി തികഞ്ഞ ശാന്തതയോടെ വനവാസത്തിനു പോകുന്നു. അയോദ്ധ്യാനഗരം വിട്ടിറങ്ങിയ രാമനും സംഘവും മന്ദാകിനീ നദിക്കരയിലൂടെ സഞ്ചരിച്ച്, നിശാദവംശജരുടെ ഗ്രാമത്തിലെത്തി, താമസ്സാ നദി കടക്കുന്നതിനായി ഗ്രാമമുഖ്യൻ ഗുഹനെ സമീപിച്ച് അദ്ദേഹത്തിന്റെ ഗൃഹത്തിൽ അതിഥികളായി കഴിയുന്നു. ഗുഹൻ സ്വയം രാമ-സീതാ-ലക്ഷ്മണന്മാരെ വഞ്ചിയിൽ മറുകര കടത്തി. ഘോരവനത്തിലെത്തിയ സംഘത്തിനു ഭരദ്വാജമുനി വാസസ്ഥലമായി ചിത്രകൂടം എന്ന പർവ്വതശിഖരം നിർദ്ദേശിയ്ക്കുന്നു. 

മാതാവാൽ ജേഷ്ഠൻ വനവാസിയാവുകയും, പിതാവ് ആ ദു:ഖത്താൽ മൃതിയടയുകയും ചെയ്തതറിഞ്ഞ്, ക്രുദ്ധനായി മാതാവിനെ ശാസ്സിയ്ക്കുകയും, ജേഷ്ഠനെ മടക്കിക്കൊണ്ടു വരുവാൻ വനത്തിലെത്തുകയും, സംശയാലുവായി ആയുധം ധരിച്ച് നിന്ന ലക്ഷ്മണനെയും, ഭരതനെ അറിയുന്ന ശാന്തനായ രാമനേയും ചിത്രകൂടത്തിൽ വച്ച് കണ്ടെത്തുകയും ചെയ്യുന്നു. രാമാനർഹ്ഹതപ്പെട്ട രാജ്യഭാരം ഏറ്റെടുക്കുവാൻ തയ്യാറാകാത്ത ഭരതനോട് പ്രജകളോടുള്ള വംശത്തിന്റെ ഉത്തരവാദിത്വം ബോദ്ധ്യപ്പെടുത്തി എങ്കിലും പാദുകം പ്രതിഷ്ഠിച്ച് പ്രതിനിധി ആയായല്ലാതെ വാഴില്ല എന്ന ഭരതന്റെ പിടിവാശിയ്ക്ക് വഴങ്ങി അതിവിശിഷ്ഠങ്ങളായ രത്നങ്ങളാൽ അലങ്കരിച്ച പാദരക്ഷ നൽകുന്നു ആ കാമദേവനെ അതിശയിപ്പിയ്ക്കുന്ന ദേഹകാന്തിയുള്ള ശ്രീരാമചന്ദ്രൻ.

ചരണം 3 (ആരണ്യകാണ്ഡം)
=======

വിതത - വിശാലമായ, നിബിഢമായ
ദണ്ഡകാരണ്യ - ദണ്ഡകം എന്ന വനപ്രദേശം 
ഗത - എത്തിച്ചേർന്ന 
വിരാധ -  ഒരു രാക്ഷസൻ  
ദലനം - വധിച്ച 
സുചരിത -  മഹാനായ, ദൈവീകമായ 
ഘടജദത്ത -  കുടത്തിൽ നിന്നും ജനിച്ച, അഗസ്ത്യമുനി 
അനുപമിത - പകരം വയ്ക്കാനില്ലാത്ത 
വൈഷ്ണവാസ്ത്രം -  മഹാവിഷ്ണുവിന്റെ ആയുധം 
പതഗവര - പക്ഷികളിലെ ശ്രേഷ്ഠൻ 
ജടായു - പരുന്തുകളുടെ രാജാവായ ജടായു
നുതം - ആരാധിയ്ക്കുന്ന 
പഞ്ചവടീ - വനവാസത്തിൽ രാമലക്ഷ്മണന്മാർ വസിച്ച ഒരു സ്ഥലം 
വിഹിത - തീരുമാനിച്ച, ഒരുക്കിയ  
അവാസം - കുടിൽ 
അതിഘോര - അതിഭീകരയായ 
ശൂർപ്പണഖ - രാക്ഷസരാജാവ്  രാവണന്റെ സഹോദരി, നഖങ്ങൾ ശൂർപ്പം (മുറം) പോലെ വിസ്തൃതമായവൾ  
വചനാഗത - വാക്കുകൾ കേട്ട് വന്ന, വിളിച്ച് കൊണ്ട് വന്ന 
ഖരാദി - ഒരു രാക്ഷസസേനാനി ഖരനും സേനയിലെ മറ്റ് രാക്ഷസരും 
ഹരം - വധിച്ച 


ആരണ്യകാണ്ഡത്തിലെ 75 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു.....

ആരണ്യവാസത്തിന്റെ അടുത്ത ഘട്ടത്തിൽ ശ്രീരാമൻ സീതാലക്ഷ്മണന്മാരോടൊപ്പം കൊടും കാട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നു. ദണ്ഡകം എന്നറിയപ്പെടുന്ന നിബിഢമായ വനത്തിലേയ്ക്ക് പ്രവേശിയ്ക്കവേ... ആ പ്രദേശത്തെ അടക്കി ഭരിച്ചിരുന്ന വിരാധൻ എന്ന രാക്ഷസനെ വധിച്ചു. 

ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന സൂര്യനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് ഋഗ്വേദകഥ. ബ്രഹ്മപുരാണപ്രകാരം പുലസ്ത്യമുനിയുടെ മകനാണ്  അഗസ്ത്യൻ. എന്തായാലും ഇവിടെ സ്വാതിതിരുനാൾ പറയുന്നത്  "വാതാപി ഗണപതീം ഭജേയിൽ" "കുംഭസംഭവ" എന്ന് ദീക്ഷിതർ പറയുന്ന കുടത്തിൽ പിറന്ന മുനിയെപ്പറ്റി ആണ്. അഗസ്ത്യാശ്രമത്തിൽ എത്തിയ രാമന് മുനി രത്നങ്ങൾ പതിച്ച വൈഷ്ണവചാപം, അമ്പൊടുങ്ങാത്ത 2 ആവനാഴികൾ, ഇന്ദ്രദത്തമായ സ്വർണ്ണവാളും, ഉറയും സമ്മാനിയ്ക്കുന്നു.

രാമൻ തുടർന്നുള്ള വനവാസത്തിനനുസൃതമായ ഒരു വാസസ്ഥലം അഗസ്ത്യമുനിയോട് ചോദിയ്ക്കുകയും, ഗോദാവരീ നദിക്കരയിൽ ഫലമൂലാദികൾ ധാരാളമുള്ള പഞ്ചവടി ആണുത്തമം എന്ന് വരാനിരിയ്ക്കുന്ന രാമായണഭാഗം മുൻകൂട്ടി അറിയുന്ന അഗസ്ത്യൻ ഉപദേശിച്ചു, അതനുസരിച്ച് പഞ്ചവടിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ പരുന്തുകളുടെ രാജാവായ ജടായുവിനെ കണ്ടുമുട്ടുന്നു. ദശരഥന്റെ സുഹൃത്തായ ജടായു വനവാസകാലത്ത് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു, തുടർന്ന്  രാമലക്ഷ്മണന്മാർ പഞ്ചവടിയിൽ പർണ്ണശാല കെട്ടി വാസമുറപ്പിച്ചു. 

ഇവിടെ വരെ കഥാഗതി ലളിതമാണ്; ഇനിയുള്ള വനവാസം പഞ്ചവടിയിൽ ഗോദാവരി നദിയിലെ മത്സ്യവും, പഞ്ചവടിയിലെ പക്ഷികളും, മാനും, ഫലമൂലാദികളും, ദണ്ഡകരണ്യത്തിലെ മാംസവും ഒക്കെയായി അങ്ങ് ചിലവഴിയ്ക്കുക എന്നതാണ് പദ്ധതി. പൊടുന്നനെ കഥഗതിയിൽ മാറ്റമുണ്ടാവുകയാണ്, ഭാരതത്തിന്റെ മറ്റേ അറ്റം വരെയുള്ള യാത്രയും, സമുദ്രം കടന്നുള്ള യാത്രയും അനിവാര്യമാക്കുന്ന മാറ്റങ്ങൾ. പഞ്ചവടിയിലെ പുരുഷസൗന്ദര്യത്തിന്റെ ഉത്കൃഷ്ടരൂപമായ രാമനെ വാത്മീകി എട്ട് ശ്ലോകങ്ങളിലൂടെ വർണ്ണീച്ചിരിയ്ക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി, മുറം പോലെയുള്ള നഖമുള്ളവൾ ശൂർപ്പണഖ ആ സൗന്ദര്യം കണ്ട് ഭ്രമിച്ച് രാമനെ സമീപിച്ച് ഭാര്യാപദവി ആവശ്യപ്പെടുന്നു. രാമൻ ഒഴിയുന്നു പകരം ഭാര്യാസമേതനല്ലാത്ത ലക്ഷ്മണസമീപത്തേയ്ക്കയയ്ക്കുന്നു, ലക്ഷ്മണൻ  ഭൃത്യനു ഭാര്യയാകേണ്ടവളല്ല, സ്വാമിനിയാകേണ്ടവൾ ആണെന്ന് പറഞ്ഞ് രാമനു സമീപത്തേയ്ക്ക് തിരിച്ചയയ്ക്കുന്നു, അങ്ങനെ പലവട്ടം തിരസ്ക്കരിയ്ക്കപ്പെട്ട, ശൂർപ്പണഖ ഇതിനു കാരണം സീതയാണെന്ന് ധരിച്ച്, ആക്രമിയ്ക്കാനൊരുങ്ങുന്നു. രാമനിർദ്ദേശപ്രകാരം സീതയെ രക്ഷിയ്ക്കുന്ന ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും ചെവിയും (വാത്മീകി) ( മൂക്കും, മുലയും എന്ന് ഭക്തിപ്രസ്ഥാനക്കാർ)  ഛേദിയ്ക്കുന്നു. 

അതിഭീകരമായ അലർച്ചയൊടെ ഓടിമറഞ്ഞ ശൂർപ്പണഖ, ജനസ്ഥാന എന്നാ വനരാജ്യത്തിന്റെ  തലസ്ഥാനമായ തികന്തകയിലെത്തി സഹോദരനായ ഖരനോട് സംഭവിച്ച കാര്യങ്ങൾ പറയുന്നു, രാമലക്ഷ്മണന്മാരെ വധിയ്ക്കണമെന്നും, സീതയെ പിടിച്ച് വന്ന് രക്തം കുടിയ്ക്കണമെന്നും ആവശ്യപ്പെടുന്നു, ഇതനുസരിച്ച് ഖരൻ 14 രാക്ഷസപോരാളികളെ ശൂർപ്പണഖയ്ക്കൊപ്പം അയയ്ക്കുന്നു, രാമലക്ഷ്മണന്മാർ അവരെ കാലപുരിയ്ക്കയ്യ്ക്കുന്നു. പിന്നീട് ഖരൻ, തൃശ്ശിരസ്സ്, ദൂഷണൻ എന്നിവരും മറ്റ് 12 സേനാനായകന്മാരുടേയും നേതൃത്വത്തിൽ 14,000 വരുന്ന രാക്ഷസസേന യുദ്ധത്തിനെത്തുന്നു, സീതയെ ഒരു ഗുഹയിൽ ലക്ഷ്മണന്റെ കാവലിലാക്കി, യുദ്ധം കഴിയാതെ പുറത്ത് വരരുതെന്ന് നിർദ്ദേശിയ്ക്കുന്നു. തുടർന്നുള്ള യുദ്ധത്തിൽ ദിവ്യായുധങ്ങൾ പ്രയോഗിച്ച് 14,000 രാക്ഷസരേയും, ദൂഷണൻ, തൃശ്ശിരസ്സ് , പിന്നീട് ഖരനെയും വധിയ്ക്കുന്നു.


ചരണം 4 (കിഷ്ക്കിന്ധാകാണ്ഡം )
=======

കനകമൃഗ - സ്വർണ്ണമാന്റെ 
രൂപധര - രൂപംധരിച്ചെത്തിയ
ഖല - നീചനായ, ക്രൂരനായ
മാരീച - മാരീച്ചനെന്ന രാക്ഷസൻ
ഹരം - വധിച്ചു 
ഇഹ - ഇവിടെ, പഞ്ചവടിയിൽ
സുജന - സജ്ജനങ്ങളുടെ  
വിമത - അഭിപ്രായം വകവയ്ക്കാത്ത, വാക്കുകൾ കേൾക്കാത്ത
ദശാസ്യ - പത്ത് ശിരസ്സുള്ള, രാവണൻ
ഹൃത - അപഹരിച്ച, തട്ടിക്കൊണ്ട് പോയ 
ജനകജാ - ജനകന്റെ പുത്രിയുടെ, സീതയുടെ
ന്വേഷണം - തിരച്ചിൽ
അനഘ - പവിത്രമായ, പാപമില്ലാത്ത, കളങ്കമില്ലാത്ത, ശുദ്ധമായ 
പമ്പാതീര - പമ്പാനദിയുടെ കരയിൽ വച്ച്    
സംഗതാ - സന്ധിച്ചു, കണ്ടുമുട്ടി   
ആഞ്ജനേയ - അഞ്ജനയുടെ പുത്രൻ, ഹനുമാൻ
നഭോമണീ - ആകാശത്തിലെ രത്നം, സൂര്യന്റെ
തനുജ - പുത്രൻ, സുഗ്രീവാനുമായി സന്ധി ചെയ്തു, ബന്ധമുറപ്പിച്ചു
സഖ്യകരം - സന്ധി ചെയ്തപ്രകാരം
വാലി - കിഷ്ക്കിന്ധാധിപതി ഇന്ദ്രപുത്രൻ ബാലി, സുഗ്രീവന്റെ സഹോദരൻ
തനു - ഭൌതിക ശരീരം 
ദലനാം  - നശിപ്പിച്ചു
ശം - ദൈവീകമായി


കിഷ്ക്കിന്ധാകാണ്ഡത്തിലെ 67  സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 


രാമായണത്തിലെ പ്രധാന പ്രതിനായകൻ ലങ്കാധിപതിയായ രാവണൻ രംഗപ്രവേശം ചെയ്യുന്നു; അതിബുദ്ധിമാനായ അദ്ദേഹം സീതയെ സഹോദരിയുടെ പ്രതികാര ആവശ്യത്തിനായി തട്ടിയെടുക്കാൻ, ഒരു ചെറിയ ബുദ്ധി ഉപയോഗിയ്ക്കുന്നു. സുന്ദനെന്ന രാക്ഷസ്സനും താടക എന്ന യക്ഷകന്യകയ്ക്കും പിറന്ന മാന്ത്രികവിദ്യകളും, അനുകരണകലയും, വേഷപ്പകർച്ചയും കൈമുതലാക്കിയ മാരീചനെ സമീപിച്ച് ഒരു സ്വർണ്ണമാനിന്റെ രൂപം ധരിച്ച് പഞ്ചവടിയിൽ എത്തി സീതയെ മോഹിപ്പിയ്ക്കാൻ നിർദ്ദേശിയ്ക്കുന്നു. അങ്ങനെ ചെന്നാൽ സീത അതിനെ ആവശ്യപ്പെടുമെന്നും, രാമലക്ഷ്മണന്മാർ അതിനു പിന്നാലേ പോകുമെന്നും, നിസ്സാരമായി സീതയെ തട്ടിയെടുക്കമെന്നുമുള്ള രാവണന്റെ ബുദ്ധി ഫലം കാണുകയും ചെയ്യുന്നു. 



അച്ഛന്റെ മരണശേഷം രാവണന്റെ സഹായത്തോടെ മലദ, കരുഷ എന്നീ നാട്ടുരാജ്യങ്ങൾ കീഴടക്കി നശിപ്പിച്ച്, ദണ്ഡകാരണ്യമെന്ന കാടാക്കി, അമ്മയായ താടകയും, സഹോദരനായ സുബാഹുവുമൊത്ത് കഴിഞ്ഞ മാരീചന് രാവണനോട് കടപ്പാടുണ്ട്. എങ്കിലും ആദ്യം താടകയേയും, പിന്നീട് സുബാഹുവിനേയും വധിച്ച രാമനോട് ഭക്തിയുമുണ്ട്. ആദ്യം എതിർത്തും, പിന്നെ ധർമ്മാധർമ്മങ്ങൾ ചൊല്ലി ഒഴിവാക്കാനും ശ്രമിച്ചെങ്കിലും രാവണൻ ക്രുദ്ധനായി വധിയ്ക്കാനൊരുമ്പെടുമ്പോൾ എങ്കിൽ മരണം രാമബാണമേറ്റാവട്ടേ, എന്ന് കരുതി മാരീചൻ മായപ്പൊന്മാൻ ആയി, സീതയെ മോഹിപ്പിച്ച്, രാമനെ അകറ്റി, രാമബാണത്താൽ മരണമടയുമ്പോൾ  രാമന്റെ ശബ്ദത്തിൽ "സീതേ...ലക്ഷ്മണാ.." എന്ന് നിലവിളിയ്ക്കുന്നു. സീതയുടെ നിർബ്ബന്ധത്തിനും പിന്നീട് കുറ്റപ്പെടുത്തലിനും വഴങ്ങി ലക്ഷ്മണരേഖ സൃഷ്ടിച്ച് ലക്ഷ്മണനും അകലുമ്പോൾ, സന്യാസി വേഷത്തിലെത്തി ഭിക്ഷ യാചിച്ച്, സീതയെ ലക്ഷ്മണരേഖ താണ്ടാൻ നിർബ്ബന്ധിതയാക്കി അപഹരിയ്ക്കുന്നു. 



കാണാതായ സീതയ്ക്കായി ഉള്ള തിരച്ചിലിൽ, സീതയെ രക്ഷിയ്ക്കുവാനുള്ള ശ്രമത്തിനിടയിൽ രാവണനാൽ മുറിവേറ്റ് മരണാസന്നനായ ജടായുവിൽ നിന്നും ലങ്കാധിപനായ രാവണൻ ആകാശമാർഗ്ഗേ സീതയെ തട്ടിക്കൊണ്ട് ദക്ഷിണദിക്കിലേയ്ക്ക് പോയതായറിയുന്നു. ദക്ഷിണദിക്കിലേയ്ക്ക് യാത്രചെയ്ത രാമലക്ഷ്മണന്മാർ സഹ്യപർവ്വതം കടന്ന് പമ്പാനദിയുടെ തീരത്തെത്തുന്നു. പമ്പാസരസ്സിനരികിൽ വച്ച് അവർ ഹനുമാനുമായി സന്ധിയ്ക്കുന്നു. ഹനുമാനോടൊപ്പം ഋഷ്യമൂകാചലം എന്ന മലയിലെത്തി സൂര്യപുത്രൻ സുഗ്രീവനുമായി സന്ധി ചെയ്യുന്നു. രാമനോടൊപ്പം കിഷ്ക്കിന്ധയിലെത്തിയ സുഗ്രീവൻ രാജാവായ ബാലിയെ യുദ്ധത്തിന് വെല്ലുവിളിയ്ക്കുന്നു. ബാലി - സുഗ്രീവ ദ്വന്ദയുദ്ധത്തിനിടയിൽ മരങ്ങൾക്ക് പിന്നിലൊളിച്ചു നിന്ന രാമൻ ബാലിയെ എയ്തിടുന്നു. തുടർന്ന് സുഗ്രീവനെ കിഷ്ക്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യിയ്ക്കുന്നു.


ചരണം 5 (സുന്ദരകാണ്ഡം)
=======

വാനരോത്തമ - വാനരരാജാവ് , സുഗ്രീവൻ
സഹിത - കൂടി 
വായുസൂനു - വായുപുത്രൻ , ഹനുമാൻ 
കരാർപ്പിത - കൈമാറിയ, ഏൽപ്പിച്ച  
ഭാനുശത - നൂറു സൂര്യന്മാരുടെ  
ഭാസ്വര - തിളക്കമുള്ള 
ഭവ്യരത്നാംഗുലീയം -  ദിവ്യമായ രത്നമോതിരം 
തേന - അവനാൽ , ഹനുമാനാൽ 
പുനർ  - പിന്നീട് 
അനീത - തിരിച്ച് കൊണ്ടുവന്ന 
അന്യൂന - കുറ്റമില്ലാത്ത, കുറവില്ലാത്ത 
ചൂഡാമണി - രത്നാഭരണം (സീതയുടെ)
ദർശനം - ദർശ്ശിയ്ക്കുന്നു 
ശ്രീനിധിം - ഐശ്വര്യദായകൻ 
ഉദധിതീരം - സമുദ്രതീരത്ത് 
ആശ്രിത - അഭയം തേടി വന്ന 
വിഭീഷണ - രാവണന്റെ സഹോദരൻ, വിഭീഷണൻ 
മിളിതം - സൗഹൃദം സ്ഥാപിച്ചു


സുന്ദരകാണ്ഡത്തിലെ 68  സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 


കിഷ്ക്കിന്ധാധിപതി സുഗ്രീവന്റെ ആജ്ഞ "സുഗ്രീവാജ്ഞ" അനുസരിച്ച് വാനരസേന പലതായി തിരിഞ്ഞ് വിവിധദിക്കുകളിലേയ്ക്ക് സീതയെ അന്വേഷിച്ച് പോകുന്നു. ലങ്കയുടെ ഭൂമിശാസ്ത്രപരമായ സാന്നിദ്ധ്യമുള്ള ദിക്കിലേയ്ക്ക് പ്രയാണമാരംഭിച്ച സംഘത്തിലുള്ള  വായുപുത്രൻ ഹനുമാനെ രാമൻ നൂറുസൂര്യന്മാരുടെ ശോഭയുള്ള രത്നമോതിരം അടയാളമായി നൽകുന്നു. സമുദ്രതീരത്തെത്തിയ സംഘം ഇതികർത്തവ്യതാമൂഢരാകവേ, ജാംബവാൻ ഹനുമാനെ അവന്റെ ശക്തി ഓർമ്മപ്പെടുത്തി ലങ്കയിലേയ്ക്ക് ചാടിക്കടക്കാൻ സന്നദ്ധനാക്കുന്നു.  ആ കുതിപ്പിനിടയിൽ നിന്നുയരുന്ന മൈനാക പർവ്വതവും, സുരാസുവിന്റെ വായിൽ കൂടി കടന്ന് കർണ്ണത്തിലൂടെ പുറത്തിരങ്ങി, സിംഹികയെന്ന രാക്ഷസിയെ വധിച്ച് ലങ്കയിലെത്തി. ലങ്കാലക്ഷ്മിയെ തകർത്തെറിഞ്ഞ്, അശോകവനിയിൽ  സീതയെ കണ്ടെത്തി മുദ്രമോതിരം നല്കി, പകരം രത്നചൂഡാമണി വാങ്ങി, രാവണന്റെ തോട്ടം നശിപ്പിച്ച്, ജംബുമാലിയേയും, അക്ഷകുമാരനേയും വധിച്ച്, പിന്നീട് ബ്രഹ്മാസ്ത്രത്തിന് കീഴടങ്ങി, വാലിൽ കൊളുത്തിയ തീയാൽ ലങ്കാദഹനം നടത്തി, തിരികെയെത്തി ശ്രീരാമന് സീതയുടെ ചൂഡാമണി കാഴ്ച്ച വയ്ക്കുന്നു. ഹനുമാൻ പോയ വഴിയിലൂടെ രാമലക്ഷ്മണന്മാരും വാനരസൈന്യവും രാമേശ്വരത്ത് സമുദ്രതീരത്തെത്തുന്നു. അവിടെ തമ്പടിച്ച സൈന്യത്തിനരികിലേയ്ക്ക് വന്ന രാവണസഹോദരൻ വിഭീഷണനെ രാമൻ സുഹൃത്തായി സ്വീകരിയ്ക്കുന്നു. 


ചരണം 6 (യുദ്ധകാണ്ഡം)
=======

കലിത - നിർമ്മിച്ചു
വര - ഏറ്റവും മികച്ച 
സേതുബന്ധം - സമുദ്രത്തിനെ മുറിച്ച് കടക്കാൻ ചിറ 
ഖല - നീചന്മാരായ, ക്രൂരന്മാരായ 
നിസ്സീമ - അനേകം, എണ്ണമറ്റ 
പിശിതാശന - മാംസാഹാരികളെ , പിശാചുക്കളെ, രാക്ഷസന്മാരെ 
ദലന - വധിയ്ക്കുക 
ഉരു - മഹത്തായ 
ദശകണ്ഠ - പത്ത് ശിരസ്സുള്ള, പത്ത് കഴുത്തുള്ള 
വിദാരണ - യുദ്ധത്തിലൂടെ 
അതിധീരം - അതീവ വീരനായ, അതിധീരനായ 
ജ്വലന - അഗ്നിയിലൂടെ  
പൂത - ശുദ്ധയായ 
ജനകസുതാ - ജാനകി, സീത 
സഹിതയാത - ഒപ്പമുള്ള യാത്ര 
സാകേതം - അയോദ്ധ്യ 
വിലസിത - തിളക്കമുള്ള, അതിഗംഭീരമായ 
പട്ടാഭിഷേകം - രാജ്യഭാരമേൽക്കൽ 
വിശ്വപാലം - പ്രപഞ്ചത്തിന്റെ സംരക്ഷകൻ 
പദ്‌മനാഭം - നാഭിയിൽ താമരയുള്ള, മഹാവിഷ്ണു 

സുന്ദരകാണ്ഡത്തിലെ 128 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിയ്ക്കുന്നു..... 

സമുദ്രരാജൻ വരുണന്റെ നിർദ്ദേശപ്രകാരം, ജലത്തിലൂടെയുള്ള നിർമ്മിതികളിൽ വിദഗ്ദ്ധരായ നളൻ, നീലൻ എന്നീ വാനരവാസ്തുശിൽപ്പികളുടെ നേതൃത്വത്തിൽ ധനുഷ്ക്കോടിയിൽ നിന്നും തലൈമന്നാറിലേയ്ക്ക് സമുദ്രത്തിന് കുറുകെ ചിറ (സേതു) നിർമ്മിയ്ക്കുന്നു. സേതുവിലൂടെ രാമലക്ഷ്മണന്മാരും, സുഗ്രീവ, ഹനുമാൻ, അംഗദന്മാരുടെ നേതൃത്വത്തിൽ വാനരസേനയും ലങ്കയിലെ മണ്ണിൽ കാലുകുത്തുന്നു. ആദ്യം വിഭീഷണനിലൂടെ സന്ധിസംഭാഷണവും അതിന്റെ പരാജയത്തെ തുടർന്നു യുദ്ധവും നടക്കുന്നു. 

ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ സംഭവിയ്ക്കുന്നു. നിരവധി രാക്ഷസവീരന്മാർ വധിയ്ക്കപ്പെടുന്നു , നിദ്രയിൽ നിന്നുണർത്തപ്പെട്ട ധർമ്മിഷ്ടനായ കുംഭകർണ്ണനും, രാവണപുത്രന്മാരും, സേനാനികളും വധിയ്ക്കപ്പെടുന്നു. ഇന്ദ്രജിത്തിന്റെ വിഷാസ്ത്രത്തിൽ മരണാസന്നനായ ലക്ഷ്മണനെ രക്ഷിയ്ക്കുവാൻ സുഷേണന്റെ നിർദ്ദേശപ്രകാരം ഹനുമാൻ ഭാരതഖണ്ഡത്തിലെത്തി മൃതസഞ്ജീവനി (വിഷല്യകാരണി) കൊണ്ടുവരുന്നു. 

വിഭീഷണൻ കാട്ടിക്കൊടുക്കയാൽ, നികുംഭിലയിലെ പൂജമുടക്കി, ഇന്ദ്രനെ പോലും ജയിച്ച മേഘനാദനെ വധിയ്ക്കുന്നു. രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു, ഘോരയുദ്ധത്തിൽ രാവണൻ കൊല്ലപ്പെടുന്നു, വിഭീഷണൻ സീതയെ രാമന്റെ പക്കലെത്തിയ്ക്കുന്നു, രാമനിൽ സംശയം ആളിക്കത്തുന്നു, സീത ലക്ഷ്മണനോട് ആവശ്യപ്പെട്ട് ചിതയൊരുക്കി അതിൽ ആത്മാഹൂതിയ്ക്ക് ശ്രമിയ്ക്കുന്നു, അഗ്നിശുദ്ധയായ സീതയെ രാമൻ സ്വീകരിയ്ക്കുന്നു, അവളോടൊപ്പം അയോദ്ധ്യയിലേയ്ക്ക് മടങ്ങുന്നു. അയോദ്ധ്യയിൽ ശ്രീരാമപട്ടാഭിഷേകം അതിഗംഭീരമായി ആഘോഷിയ്ക്കപ്പെടുന്നു.

പിന്നീടുള്ളത് ഉത്തരരാമായണമാണ്; അതിൽ പ്രജകളുടെ ഇടയിലെ സംശയ-അപവാദങ്ങളിൽ വലഞ്ഞ രാമൻ, ഗർഭിണിയായ സീതയെ വനത്തിൽ ഉപേക്ഷിയ്ക്കുന്നു. സീത വാത്മീകിയുടെ ആശ്രമത്തിൽ ലവനും,കുശനും ജന്മം നൽകുന്നു. രാമന്റെ അശ്വമേധത്തിനായി വന്ന കുതിരയെ കുട്ടികൾ ബന്ധിയ്ക്കുന്നു, തുടർന്ന് ഹനുമാനെയും, രാമസഹോദരന്മാരേയും പരാജയപ്പെടുത്തുന്നു, യുദ്ധത്തിനെത്തിയ രാമൻ പുത്രന്മാരെ സ്വീകരിയ്ക്കുന്നു. സീതയെ സ്വീകരിയ്ക്കാൻ ജനമദ്ധ്യത്തിൽ മറൊരഗ്നി പരീക്ഷ ആവശ്യപ്പെടുന്നു. സീത ഭൂമീദേവിയെ വിളിച്ച് അഭയം ആവശ്യപ്പെടുന്നു, ഭൂമിപിളർന്ന് അപ്രത്യക്ഷയാകുന്നു. അശ്വമേധം സീതയുടെ കാഞ്ചനപ്രതിമയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നു. ദുർവ്വാസാവിനാൽ ഭേദിയ്ക്കപ്പെട്ട രാമലക്ഷ്മണ ബന്ധത്തിൽ ഖിന്നനായി ലക്ഷ്മണൻ സരയൂ നദിയിൽ ആത്മാഹൂതി ചെയ്യുന്നു. ഇതറിഞ്ഞ രാമൻ രാജ്യം രണ്ടാക്കി ലവനു ശ്രാവസ്തിയും, കുശനു കുശവസ്തിയും തലസ്ഥാനങ്ങളാക്കി രാജ്യഭാരം നല്കിയ ശേഷം, സരയൂനദിയുടെ ആഴങ്ങളിലേയ്ക്ക് നടന്നു മറഞ്ഞു.

ശ്രീരാമനെന്ന പൂന്തോട്ടത്തിൽ വാത്മീകി സുഗുണങ്ങളും, സുർഗ്ഗുണങ്ങളും കാണുകയും, വ്യക്തമായി പ്രതിപാദിയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വാതിതിരുനാൾ ആ പൂന്തോട്ടത്തിലെ സുഗുണപുഷ്പങ്ങൾ വിരിയുന്ന ചെടികൾ നിറഞ്ഞ ഭാഗത്തേയ്ക്ക് മാത്രമേ സഞ്ചരിയ്ക്കുന്നുള്ളൂ, അത് അദ്ദേഹത്തിന്റെ ഇഷ്ടം, സ്വാതന്ത്ര്യം. അവിടെ പോലും കാണുന്ന ചിലമുള്ളുകളെ അദ്ദേഹം പൂവിട്ടുനില്ക്കുന്ന ചില്ലകൾ കൊണ്ട് മറയ്ക്കുകയോ (അതിഘോരശൂർപ്പണഖ, ഖലമാരീചൻ, ദലനമീശം- മഹത്തായ കൊല, ഇപ്പൊഴത്തെ ജിഹാദ് തന്നെ), ഒഴിഞ്ഞ് പോവുകയോ ചെയ്യുന്നു.

കവിയുടെ എല്ലാ സ്വാതന്ത്ര്യവും സ്വാതിതിരുനാളിനുള്ളതിനാൽ വാത്മീകി രാമായണവുമായി താരതമ്യം ചെയ്ത ഈ പഠനത്തിനു ഈ കൃതിയെ ഇകഴ്ത്തനുള്ള യാതൊരുദ്ദെശവുമില്ല, പകരം 24 ,000 ശ്ലോകങ്ങളെ, ഉത്തരരാമായണം ഒഴികെയുള്ള 6 കാണ്ഡങ്ങളെ, 534 സർഗ്ഗങ്ങളെ 24 വരികളിൽ സംഗ്രഹിച്ച മഹത്തായ, അതിഗംഭീരമായ പാണ്ഡിത്യത്തെ അറിയുകയും, അറിയിയ്ക്കുകയും ചെയ്യുക മാത്രമാണിവിടെ ചെയ്തിട്ടുള്ളത്.


ആലാപനം - എം .എസ്സ്.സുബ്ബലക്ഷ്മി


No comments:

Post a Comment