Sunday, January 12, 2025

ഹരിനാമകീർത്തനവും ചട്ടക്കാരിയും

ഹരിനാമകീർത്തനവും ചട്ടക്കാരിയും

==========================

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഹരിനാമകീർത്തനം എഴുതിയത് അടുക്കോടും ചിട്ടയോടുമാണെന്ന് നമുക്കറിയാം, എങ്കിലും ആ അടുക്ക് ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നില്ല, ഉദാഹരണത്തിനു വിക്കിഗ്രന്ഥശാലയിൽ ക ഉണ്ട് പിന്നെ ഘ പിന്നെ ങ, അതായത് ഖ യും ഗ യും ഇല്ല.

വിക്കി വായിക്കുന്നവർ

"ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-

ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?

ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-

രുദ്ധങ്ങളായവകള്‍ നാരായണായ നമ:


ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-

ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം

അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-

ളപ്പിപ്പതിന്നു മതി നാരായണായ നമ:"


ഈ രണ്ടുപദ്യങ്ങൾ അവിടെ കണ്ടില്ലെന്നു വരും.

കീർത്തനത്തിൻ്റെ അടുക്ക്


പ്രാരംഭപദ്യങ്ങൾ ഓം ൽ തുടങ്ങിയ ഒന്നാം പദ്യം മുതൽ 4 എണ്ണമാണ്.

പിന്നീടെ ഹരി, ശ്രീ, ഗണപതയെ നമ എന്ന ക്രമത്തിൽ തുടങ്ങുന്ന 9 പദ്യങ്ങൾ

അതുകഴിഞ്ഞാൽ അ, ആ, ഇ, ഈ, ഉ, ഊ, ഋ, ൠ, ഌ, ൡ, എ, ഏ, ഐ, ഒ, ഓ, ഔ അം, അ എന്ന സ്വരാക്ഷര ക്രമത്തിൽ തുടങ്ങുന്ന 18 പദ്യങ്ങൾ

പിന്നീട് വ്യഞ്ജനാക്ഷരങ്ങളുടെ ക്രമത്തിലാണ് ക, ഖ, ഗ, ഘ, ങ.. ച, ഛ, ജ, ഝ, ഞ.. ട, ഠ, ഡ, ഢ, ണ.. ത, ഥ, ദ ധ, ന.. പ, ഫ, ബ, ഭ, മ.. യ, ര, ല, വ, ശ, ഷ, സ, ഹ, ള, ക്ഷ എന്ന ക്രമത്തിൽ തുടങ്ങുന്ന 35 പദ്യങ്ങൾ.

സമാപനപദ്യങ്ങൾ 3 എണ്ണം അവയിലേറ്റവും അവസാനത്തേത്

"നാരായണായ നമ: നാരായണായ നമ:

നാരായണായ നമ: നാരായണായ നമ:

നാരായണാ സകലസന്താപനാശന

ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:"

ആകെ 4+9+18+35+3 = 69 പദ്യങ്ങൾ ഉണ്ട് എന്നാൽ പൊതുവിൽ 67 പദ്യങ്ങൾ എന്ന് നിങ്ങൾക്ക് പലയിടത്തും വായിക്കുവാനാകും, കാരണം എഴുത്തച്ഛൻ സൃഷ്ടിച്ച ലിപിയിലെ "ൠ, ൡ" എന്നിവയെ നാടുകടത്താൻ ചെയ്ത കുത്സിതശ്രമങ്ങളുടെ ഭാഗമാണത്. താഴെക്കൊടുത്തിരിക്കുന്ന പദ്യങ്ങളിൽ നിങ്ങൾക്കത് കാണുവാനാകും.

"ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും

പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും

ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-

നരുതാത്തതല്ല, ഹരി നാരായണായ നമ:


ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-

ളിപ്പാപിയെന്നു പറയുന്നാകിലും മനസി

ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-

നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:


ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-

തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം

ഒരു കോടി കോടി തവ തിരുനാമമുള്ളവയി-

ലരുതാത്തതില്ല ഹരി നാരായണായ നമ:


ൡകാരമാദി മുതലായിട്ടു ഞാനുമിഹ

കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു

ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു

വൈകുന്നതെന്തു ഹരി നാരായണായ നമ:"

ഇനി രസകരമായ മറ്റൊരുകാര്യം പറഞ്ഞവസാനിപ്പിക്കാം, ചട്ടക്കാരി എന്ന മലയാളസിനിമയിൽ 1974 ൽ വയലാർ രചിച്ച ഒരു ഗാനമുണ്ട്, ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിൽ കഥപറഞ്ഞ ആ സിനിമയിൽ ദ്രുദഗതിയിൽ ആലപിക്കുന്ന ഒരു ഗാനമുണ്ട്. അത് ഹരിനാമകീർത്തനത്തിൻ്റെ ഭാഗമാണെന്ന് തർക്കിക്കുന്നവരെ കണ്ടിട്ടുണ്ട്. വാസ്തവത്തിൽ എഴുത്തച്ഛൻ അവസാനിപ്പിച്ച പദ്യത്തിൽനിന്നും വയലാർ പ്രതിഭ ചിലവരികൾ കൂട്ടിച്ചേർത്തതാണവ, തികച്ചും ഹൃദ്യമായ അവയെ ദേവരാജൻ മാസ്റ്റർ ദ്രുതതാനത്തിലൂടെ മനസ്സുകളിൽ ഉറപ്പിച്ചുവെന്നേയുള്ളൂ.


"നാരായണായനമ: നാരായണായനമ:

നാരായണായനമ: നാരായണാ

നാരായണായനമ: നാരായണായനമ:

നാരായണായനമ: നാരായണാ


പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ

പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍

മാഹേന്ദ്രനീലമണി പീഠത്തില്‍ വെച്ചു കണി

കാണാന്‍ വരംതരിക നാരായണാ


ലക്ഷ്മീകടാക്ഷദലമാല്യങ്ങള്‍ വീഴുമണി

വക്ഷസ്സിലുള്ള നവരത്നങ്ങളേ

മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍

ചൂടാന്‍ വരംതരിക നാരായണാ


കാലങ്ങള്‍തോറുമവതാരങ്ങളായ് അവനി

പാലിച്ചിടും കമല ലക്ഷ്മീപതേ

പാദം നമിച്ചു തിരുനാമാക്ഷരാവലികള്‍

പാടാന്‍ വരംതരിക നാരായണാ"




No comments:

Post a Comment