Thursday, December 24, 2015

പക്കാല നിലബഡി (Pakkala nilabadi)

പല്ലവി
======

പക്കാല നിലബഡി ഗോലിചേ മുച്ചട
ബാഗാ തെല്പ രാദാ

അനുപല്ലവി
===========

ചുക്കാല രായനി കേരു മോമു ഗല
സു-ദതി സീതമ്മ സൗമിത്രി രാമുനികിരു

ചരണം
=======

തനുവുചേ വന്ദനമൊനരിഞ്ചുചുന്നാരാ
ചനുവുന നാമ കീർത്തന സേയുചുന്നാരാ
മനസുന തലചി മൈ മരചിയുന്നാരാ
നെനരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മീരിരു


വ്യാഖ്യാനം 
========

മലയാളികൾക്ക് കീർത്തനങ്ങളിൽ ഏറ്റവും പരിചിതമായത് "പക്കാല" തന്നെയാണ്, കച്ചേരി എന്ന വാക്കിനു പകരം "പക്കാല പാടാൻ" എന്ന പ്രയോഗം പോലും കണ്ട് വരുന്നു. അൽപ്പം കഠിനമായ തെലുങ്കിലാണെങ്കിലും, പാൽ, തേൻ, നീര് എന്നിങ്ങനെ മലയാളത്തിനു സമാനമായ അർത്ഥത്തിൽ പദങ്ങളുള്ള ഈ ഭാഷ ശ്രമിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിനു "പക്കാല നിലബഡി" എന്നത് "പക്കൽ നിലയുറപ്പിച്ച്" എന്നാക്കിയാൽ കവി ഉദ്ദേശിച്ച ഇരുവശത്തും ചേർന്ന് നിന്ന് കൊണ്ട് എന്നർത്ഥത്തിനടുത്ത് വരെ എത്താം

രാഗം ഖരഹരപ്രിയയെ പറ്റി തുടങ്ങാം. ഈ കീർത്തനം ശ്രീരാമനെ ആരാധിയ്ക്കേണ്ട രീതിയെപ്പറ്റി സീത, ലക്ഷ്‌മണൻ എന്നിവരോട് ചോദിയ്ക്കുന്ന രീതിയിൽ ആണ്. അതിനാൽ തന്നെ ഖരദൂഷണന്മാരെ വധിച്ച ശ്രീരാമന് പ്രിയകരം എന്ന അർത്ഥത്തിൽ "ഖരനെ ഹരിച്ച ആളിന് പ്രിയം " ആയത് ഖരഹരപ്രിയ. സാക്ഷാൽ ഹരൻ അഥവാ പരമശിവന് പ്രിയമുള്ള രാഗം ഒന്ന് ആലങ്കാരികമായി പറഞ്ഞതെന്ന് മറ്റൊരു വാദം.

പല്ലവി
=====

പക്കാല - അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും 

നിലബഡി - നിന്നുകൊണ്ട് 

ഗോലിചേ- നിങ്ങളുടെ ഉപചാരം, സേവ 

മുച്ചട- മഹത്വം, പരമമായ സ്വീകാര്യത 

ബാഗാ- വിശദമായി , സൂക്ഷ്മമായി 

തെല്പ- എന്നോട് പറയുക 

രാദാ- ഇല്ലേ (നിഷേധം)

ശ്രീരാമചന്ദ്രന്റെ ഇരുവശങ്ങളിലും ചേർന്ന് നിന്ന് കൊണ്ട് നിങ്ങൾ (സീതാദേവിയും,ലക്ഷ്മണനും) ചെയ്യുന്ന ഇത്രമേൽ അദ്ദേഹത്തിനു പ്രിയങ്കരമായ, സേവയുടെ രഹസ്യം വിശദമായി എനിയ്ക്ക് ദയവായി പറഞ്ഞ് തന്നാലും..

അനുപല്ലവി
===========

ചുക്കാല - നക്ഷത്രങ്ങളുടെ 

രായനി - രാജാവിനെ, പൂർണ്ണ ചന്ദ്രനെ 

കേരു - ലജ്ജിപ്പിയ്ക്കുന്ന 

മോമു - മുഖത്തോടെ 

ഗല - കൂടിയ 

സു-ദതി - മനോഹരമായ ദന്തങ്ങളുള്ള ( സുസ്മേരവദനയായ)

സീതമ്മ - സീതാദേവി 

സൗമിത്രി - സുമിത്രയുടെ മകൻ, ലക്ഷ്മണൻ 

രാമുനികിരു - രാമാ- നിക- ഇരു , രാമന് ഇരുവശവുമായി

ശ്രീരാമചന്ദ്രന്റെ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന പൂർണ്ണചന്ദ്രനെ തോൽപ്പിയ്ക്കുന്ന മുഖകാന്തിയും മനോഹരമായ ചിരിയുമുള്ള സീതാദേവിയും, സുമിത്രാ നന്ദനനായ ലക്ഷ്മണനും ....... ചെയ്യുന്ന ഇത്രമേൽ അദ്ദേഹത്തിനു പ്രിയങ്കരമായ, സേവയുടെ രഹസ്യം വിശദമായി എനിയ്ക്ക് ദയവായി പറഞ്ഞ് തന്നാലും..

ചരണം
=======

തനുവുചേ - ശരീരികമായി, ഭൗതികമായി 

വന്ദനമു - നമസ്ക്കാരം 

ഒനരിഞ്ചുച - അർപ്പിയ്ക്കുക , സമർപ്പിയ്ക്കുക 

ഉന്നാരാ - ആണോ?

ശരീരികമായി വണങ്ങുകയാണോ? പാദസേവ ചെയ്യുകയാണോ?

ചനുവുന - സ്നേഹത്തോടെ, പ്രണയത്തോടെ

നാമകീർത്തന - നാമസങ്കീർത്തനം 

സേയുചു - മുഴുകുക, ഏർപ്പെടുക 

ഉന്നാരാ - ആണോ?

ഭക്തി- വിശ്വാസ- പ്രേമത്തോടെ ആ ദേവന്റെ നാമങ്ങൾ ഉച്ചത്തിൽ ഉരുവിടുന്നതിൽ മുഴുകുകയാണോ?

മനസുന - മനസ്സിനുള്ളിൽ 

തലചി - പ്രാർത്ഥിയ്ക്കുക 

മൈ മരചി - സ്വയം മറന്ന് 

ഉന്നാരാ - ആണോ?

നിശബ്ദമായി സ്വയം മറന്ന് മനസിനുള്ളിൽ പ്രാർത്ഥിയ്ക്കുകയാണോ?

നെനരുഞ്ചി - ദയവായി 

ത്യാഗരാജുനിതോ - ഈ ത്യാഗരാജനോട് 

ഹരി ഹരി - ശ്രീമഹാവിഷ്ണു 

മീരിരു - മിരു - ഇല്ലേ ഇരു - ഇരുവശങ്ങളിലുമുള്ളവരേ

ആ ദേവന്റെ ഇരുവശവും നിൽക്കുന്ന അനുഗ്രഹീതരേ... ഈ ത്യാഗരാജനോട് ദയാവായി പറഞ്ഞ് തന്നാലും... എനിയ്ക്കും ആ പാത പിന്തുടർന്ന് ആ ദേവന്റെ പ്രിയം നേടാമല്ലോ... മഹാവിഷ്ണു ദേവാ... ഇങ്ങനെ ഒന്ന് ഇവരോട് ചോദിച്ചതിനു എന്നോട് ക്ഷമിയ്ക്കണം.

ആലാപനം - കെ.ജെ.യേശുദാസ്സ് 

No comments:

Post a Comment