Friday, December 18, 2015

മാനസ്സ സഞ്ചരരേ (Manasa sancharare)

പല്ലവി 
=====

മാനസ്സ സഞ്ചരരേ...ബ്രഹ്മണി
മാനസ്സ സഞ്ചരരേ...

ചരണം 1 
=======

ശ്രീ രമണീ കുച ദുർഗ്ഗ വിഹാരേ 
സേവക ജന മന്ദിര മന്ദാരേ

ചരണം 2 
=======

മദശിഖി പിഞ്ചാലംകൃത ചികുരേ 
മഹനീയ കപോല വിജിത മുഖരേ

ചരണം 3 
=======

പരമഹംസ മുഖ ചന്ദ്ര ചകോരേ 
പരിപൂരിത മുരളീരവ ധാരേ


വിശകലനം
=========

"പരമഹംസ" എന്ന മുദ്ര ഉള്ളതിനാൽ 17 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന "സദാശിവ ബ്രഹ്മേന്ദ്ര" ആണിത് രചിച്ചതെന്നതിൽ തർക്കമില്ല. സനാതനധർമ്മ ധാരയിൽ ജീവിച്ച ഒരു തമിഴ് വിഭാഗത്തിൽ നിന്നും അവർക്ക് അത്ര സ്വീകാര്യമല്ലാത്ത ഹിന്ദു ബിംബങ്ങളെ സ്വതന്ത്രമായി ഉപാസിച്ചിരുന്ന ബ്രഹ്മജ്ഞാനി, അദ്വൈതി.

ഈ കീർത്തനം സാക്ഷാൽ ശ്രീകൃഷ്ണനെ ആണ് സ്തുതിയ്ക്കുന്നത്, അത് വൈഷ്ണവാവതാര-ത്തിന്റെ ഹൈന്ദവതലത്തിലും അപരബ്രഹ്മം എന്ന സനാതനതലത്തിലും ഇടകലർത്തുമ്പോൾ വൈഷ്ണവ ധാരയുടെ സാന്നിദ്ധ്യം വ്യക്തമാവുന്നു. 17 ആം നൂറ്റാണ്ടിലെ താങ്ങാവുന്നതിലും അധികം അർത്ഥതലങ്ങൾ തിങ്ങിയ ചെറുവരികൾ അനവധി വ്യഖ്യാനങ്ങൾക്ക് സൗകര്യമൊരുക്കുന്നുമുണ്ട്.

പരസ്പരം കലഹിച്ച് ഒരു കുംഭമേളയിൽ 18000 ത്തിലധികം സന്യാസിമാരും 3 ലക്ഷത്തിലധികം ഭക്തരും (വിഭാഗങ്ങൾ, കൾട്ടുകൾ) മരണമടയുന്ന നിലയിലെത്തിയ വൈര്യത്തിൽ നിന്നും തീവ്രധർമ്മ വാദികളായിരുന്ന ശൈവരും, വൈഷ്ണവരും, ശാക്തേയരും പിൽക്കാലത്ത് ബ്രഹദാരണ്യകോ-പനിഷദിലെ ശാന്തിമന്ത്രം കൂട്ടിച്ചേർത്ത് സ്മൃതിയുടെ വക്താക്കൾക്ക് (സ്മാർത്ത വിഭാഗം) വിധേയരായപ്പോൾ ഉണ്ടായ അനുരജ്ഞനത്തിന്റെ വിശകലനങ്ങൾ ആണിന്ന് വ്യാഖ്യാനങ്ങളായി തുടർന്നു വരുന്നത്.

മദശിഖി യെ ശിവജഡയായും (ഹെഡ്ഡ്ലോക്ക് ഓഫ് ബ്രഹ്മം), അപരബ്രഹ്മമെന്ന ചുറ്റളവിൽ ശ്രീരമണിയെ ശക്തിയാക്കി ബ്രഹ്മസങ്കൽപ്പത്തിൽ വ്യാഖ്യാനി-യ്ക്കുന്ന രീതിയെ ഉപേക്ഷിച്ച് നമുക്ക് വാച്യാർത്ഥത്തിലേയ്ക്ക് കടക്കാം.

പല്ലവി 
=====

മനസ്സേ... സഞ്ചരിച്ചാലും... 

ബ്രഹ്മത്തിലേയ്ക്ക് മനസ്സേ... സഞ്ചരിച്ചാലും...

ജീവാത്മേ.. നീ പരമാത്മാവിലേയ്ക്ക് ഒരു തീർത്ഥയാത്ര പോയിവരിക ....(2)

അല്ലയോ ബ്രഹ്മമാകുന്ന ദേവാ.. എന്റെ മനസ്സിൽ നീ യഥേഷ്ടം വിഹരിച്ചാലും ..(3)

ചരണം 1 
=======

ലക്ഷ്മീ ദേവിയുടെ സ്തനങ്ങളാകുന്ന കോട്ടകളിലും, ഭക്തജനങ്ങളുടെ ഗൃഹങ്ങളിലും കൽപ്പവൃക്ഷമായി ഐശ്വര്യമായും വിഹരിയ്ക്കുന്ന അപരബ്രഹ്മത്തിലേയ്ക്ക് ... സഞ്ചരിച്ചാലും...

വൃജവംശത്തിലെ സ്ത്രീകളുടെ പ്രൗഢമായ സ്തനങ്ങളിലും (കൃഷ്ണലീലയിലെ "ഗോപീപീനപയോധരമർദ്ദന"യ്ക്ക് സമാനമായ പ്രയോഗം) , അവരുടെ ശരീരികമായ കോട്ട കൊത്തളങ്ങളിലും വിഹരിയ്ക്കുന്ന ശ്രീകൃഷ്ണൻറെ സമീപത്തേയ്ക്ക്... ഭക്തന്മാർക്ക് എല്ലാം നല്കുന്ന കൽപ്പവൃക്ഷമായി അവരുടെ മനോമന്ദിരങ്ങളിൽ വിലസുന്ന ശ്രീകൃഷ്ണൻറെ സമീപത്തേയ്ക്ക്... മനസ്സേ... ഒരു തീർത്ഥയാത്ര പോയിവരിക ....

ചരണം 2 
=========

അലസ്സമായി പാറിപ്പറന്നു കിടക്കുന്ന മുടിക്കെട്ട് വർണ്ണമയിൽപ്പീലികളാൽ അലങ്കരിച്ചിരിയ്ക്കുന്ന, ഏറ്റവും പ്രതിഫലനം സൃഷ്ടിയ്ക്കുന്ന കണ്ണാടിയെ വെല്ലുന്ന തിളക്കമുള്ള മുഖകാന്തിയുള്ളവനായ ശ്രീകൃഷ്ണൻറെ സമീപത്തേയ്ക്ക്... മനസ്സേ... ഒരു തീർത്ഥയാത്ര പോയിവരിക ....

ചരണം 3 
=========

സ്മരണ മാത്രയിൽ കവിയുടെ അഥവാ സഹൃദയരുടെ (മുദ്രാവാക്ക് പ്രകാരം) മുഖങ്ങളെ ചന്ദ്രനെ ദർശ്ശിച്ച ചകോരത്തെ പോലെ ജ്വലിപ്പിയ്ക്കുന്ന, പ്രപഞ്ചമാകെ നിറയ്ക്കുന്ന മുരളീഗാനത്തിന്റെ അലകളാൽ സ്വാഗതം ചെയ്യുന്ന ശ്രീകൃഷ്ണൻറെ സമീപത്തേയ്ക്ക്...മനസ്സേ... ഒരു തീർത്ഥയാത്ര പോയിവരിക ....

പ്രത്യക്ഷ പരബ്രഹ്മത്തിന്റെ ചന്ദ്രസമാനമായ മുഖ ദർശനത്തിനായി ചകോരം (ഉപ്പൻ ) ചന്ദ്രരശ്മികൾക്ക് കൊതിയ്ക്കും പോലെ , പരയെ പൂർണ്ണമാക്കുന്ന ആ മനോജ്ഞസംഗീതത്തിന്റെ അകമ്പടിയോടെ മനസ്സേ... സഞ്ചരിച്ചാലും...

ഇവിടെയും പരബ്രഹ്മവും, അപരബ്രഹ്മവും ആയ പ്രപഞ്ചത്തെ, സമ്പുഷ്ടമാക്കാൻ ശക്തി സംഗീതരൂപത്തിൽ നിറയുന്നു. ഉപാസകൻ ആത്മൻ ആയി കൂടെച്ചേരുമ്പോൾ സനാതനപ്രപഞ്ച ഘടന ( മദ്ധ്യഅച്ചുതണ്ടായി - ഘനീഭവിച്ച തമസ്സ് - പരബ്രഹ്മം എന്ന് സനാതനധർമ്മം - പരമശിവൻ എന്ന് ഹിന്ദുത്വം, എങ്ങും നിറയുന്ന ധൂളിയായ മാധ്യമം - അപരബ്രഹ്മം എന്ന് സനാതനധർമ്മം - മഹാവിഷ്ണു എന്ന് ഹിന്ദുത്വം, പരബ്രഹ്മത്തിൽ വലയം ചെയ്യുന്ന, അവിടെ നിന്ന് നിന്നുത്ഭവിച്ച് മാധ്യമത്തിലൂടെ സഞ്ചരിച്ച്, ആത്മനെ തഴുകി മടങ്ങിയെത്തുന്ന ശക്തി - ശക്തിഎന്ന് സനാതനധർമ്മം - ശിവഗളത്തിലെ സർപ്പമായും, ദേവിയായും ഹിന്ദുത്വം , മധ്യഘനീഭവിച്ച തമസ്സിൽ നിന്ന് വേർപെട്ട് മാധ്യമത്തിൽ അലയുന്ന തേജോഗോള സംവിധാനങ്ങൾ - പഞ്ചഭൂതങ്ങളായ ആത്മൻ എന്ന് സനാതനധർമ്മം - ബ്രഹ്മാവ്‌ എന്ന് ഹിന്ദുത്വം) പൂർണ്ണമാക്കുന്നു.


ആലാപനം - ചെമ്പൈ വൈദ്യനാഥഭാഗവതർ



No comments:

Post a Comment