Sunday, November 15, 2020

ബ്രോചേവാ രഘുവരാ...

മൈസൂർ വാസുദേവാചാര്യ ഘമാസ്സ് (ഹരികാംബോജിജന്യം) രാഗത്തിൽ ചിട്ടപ്പെടുത്തിയ ആദിതാളത്തിലുള്ള തെലുങ്ക് കീർത്തനമാണ് ബ്രോചേവാ... നമ്മളെ വിട്ടുപോയ എസ്സ്. പി. ബാലസുബ്രഹ്മണ്യത്തിൻ്റെ സ്മരണയിൽ ഈ കീർത്തനം അർപ്പിക്കുന്നു.

പല്ലവി
=====

"ബ്രോചേവാ.. രെവരുരാ..
നിനുവിന രഘുവരാ നനു
നീ ചരണാംബുജമുലു നേ
വിഡജാല കരുണാലവാല"

ബ്രോചേവാ - ആരാണു
രെവരുരാ - രക്ഷിക്കുക
നിനുവിന - അങ്ങല്ലാതെ
രഘുവരാ - ശ്രീരാമാ
നനു - എന്നെ

ഭഗവാനേ.. ശ്രീരാമചന്ദ്രാ... അങ്ങല്ലാതെ ആരാണെനിക്കു രക്ഷയ്ക്കുള്ളത്?

നീ - അങ്ങയുടെ
ചരണാംബുജമുലു - പാദപദ്മങ്ങൾ
നേ - കഴിയുകയില്ല
വിഡജാല - വിട്ടുപോവുക
കരുണാലവാല - കരുണാനിധേ

കരുണാനിധേ അങ്ങയുടെ പാദപദ്മങ്ങൾ ഉപേക്ഷിച്ച് പോവുക എനിക്കസദ്ധ്യമാണ്.

അനുപല്ലവി
=========
"ഓ ചതുരാനനാദി വന്ദിത
നീകു പരാകേല നയ്യ
നീ ചരിതമു പോഗഡലേനി നാ
ചിന്ത തീർച്ചി വരമുലിച്ചി വേഗമേ"

ഓ -അല്ലയോ
ചതുരാനനാദി - ചതുർമ്മുഖൻ, ബ്രഹ്മാവ് ആദി ദേവതകൾ
വന്ദിത - വന്ദിക്കുന്ന
നീകു - താങ്കൾ
പരാകു - ഒറ്റപ്പെട്ടു നിൽക്കുക, ഒഴിഞ്ഞുമാറുക
ഏലനു - എന്താണ്
അയ്യ - മഹാത്മാവേ

ബ്രഹ്മാദി ദേവഗണങ്ങളാൽ ആരാധിക്കപ്പെടുന്ന അവിടുന്ന് ഇങ്ങനെ ഒഴിഞ്ഞുമാറുനതെന്തുകൊണ്ടാണ്? കേവലം സാധാരണമനുഷ്യനായ എൻ്റെ ആരാധന അതിനിടയിൽ അവിടുന്ന് അറിയുന്നില്ല എന്നുണ്ടോ? അങ്ങനെയെങ്കിൽ ഇനി ഞാൻ എന്താണു ചെയ്യേണ്ടത്?

നീ - അങ്ങയുടെ
ചരിതമു - മഹത്വങ്ങൾ
പോഗഡലേനി - പാടിപ്പുകഴ്ത്തുവാനുള്ള കഴിവില്ലായ്മ
നാ - എൻ്റെ
ചിന്ത - ഉത്ക്കണ്ഠ
തീർച്ചി - അവസാനിപ്പിച്ചു
വരമുലിച്ചി - അനുഗ്രഹിച്ചാലും
വേഗമേ - ക്ഷിപ്രം, ഉടനേതന്നെ

അങ്ങയുടെ മഹത്തായ അപദാനങ്ങൾ പാടിസ്തുതിക്കുവാനുള്ള കഴിവോ അറിവോ എനിക്കില്ല, അത്രയ്ക്ക് പാമരനാണു ഞാൻ, എങ്കിലും കരുണാവാനായ അവിടുന്ന് എൻ്റെ സങ്കടങ്ങളകറ്റി, അനുഗ്രഹം ചൊരിഞ്ഞു രക്ഷിക്കുവാൻ താമസമരുതേ...

ചരണം
=====

"സീതാപതേ നാപൈ നീകഭിമാനമു ലേദാ
വാതാത്മജാർച്ചിത പാദ നാ മൊരലനു വിനരാദാ
ഭാസുരമുഗ കരിരാജുനു ബ്രോചിന
വാസുദേവുഡവു നീവു കദാ
നാ പാതകമെല്ലാ പോഗോട്ടി ഗട്ടിഗ
നാ ചേയി പട്ടി വിഡുവക"

സീതാപതേ - സീതാപതിയായ ദേവാ
നാപൈ - എന്നോട്, ഈ വിഷയത്തിൽ
നീക്കു - താങ്കൾക്ക്
അഭിമാനമു - വാത്സല്യം
ലേദാ - ഇല്ലേ
വാതാത്മജ - ഹനുമാൻ
അർച്ചിത പാദ - പൂജിക്കുന്ന പാദങ്ങൾ
നാ - എൻ്റെ
മൊരലനു - വിലാപങ്ങൾ
വിനരാദാ - കേൾക്കുകയില്ലേ

അല്ലയോ സീതാവല്ലഭനായ ശ്രീരാമദേവാ, വായുപുത്രൻ ഹനുമാനാൽ പൂജിക്കപ്പെടുന്ന അങ്ങയുടെ പാദങ്ങളിൽ വീണു ഞാൻ വിലപിക്കുന്നത് അങ്ങറിയുന്നില്ലേ? അങ്ങയുടെ ചരണങ്ങളിലെ എൻ്റെ ദുഃഖവിലാപം അങ്ങ് കേൾക്കുന്നില്ലേ?

ഭാസുരമുഗ - സ്ഫടികം പോലെ തിളക്കമുള്ള മുഖം
കരിരാജുനു - ആനകളിൽ രാജാവായവൻ (ഗജേന്ദ്രമോക്ഷം)
ബ്രോചിന - രക്ഷിച്ച
വാസുദേവുഡവു - ആ മഹവിഷ്ണു
നീവു കദാ - അങ്ങുതന്നെയല്ലേ
നാ - എൻ്റെ
പാതകമെല്ലാ - പാപങ്ങളെല്ലാം
പോഗോട്ടി - അകറ്റി
ഗട്ടിഗ - മുറുക്കി, ബലമായി
നാ - എൻ്റെ
ചേയി - കൈകൾ
പട്ടി - പിടിച്ചു
വിഡുവക - വിടാതിരിക്കുക, ഉപേക്ഷിക്കാതെ

ഗജേന്ദമോക്ഷത്തിൽ ആ ഗജവീരനെ രക്ഷിച്ച സാക്ഷാൽ മഹാവിഷ്ണുവായ അവിടുത്തേയ്ക്ക് ഇതൊക്കെ എത്രയോ നിസ്സാരമാണ്, ആയതിനാൽ എന്നെ ഉപേക്ഷിക്കാതെ, കൈകൾ ബലമായി പിടിച്ച് വിടാതെ അങ്ങയോട് ചേർത്തുനിർത്തി, എൻ്റെ പാപങ്ങളെല്ലാം പരിഹരിച്ചു തരേണമേ..

No comments:

Post a Comment